ഫേസ്‍ബുക്ക് ന്യൂസ് ഫീഡില്‍ ഇനി രാഷ്ട്രീയ പോസ്റ്റുകള്‍ കുറയും

രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്ന ഗ്രൂപ്പുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തും.

Update: 2021-01-28 02:02 GMT
Advertising

രാഷ്ട്രീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ നിരുത്സാഹപ്പെടുത്തുമെന്ന് ഫേസ്‍ബുക്ക്. അമേരിക്കൻ തെരഞ്ഞെടുപ്പ് കാലത്ത് നടപ്പിലാക്കിയ നയമാണ് ലോകവ്യാപകമായി നടപ്പിലാക്കുന്നത്. ഫേസ്‍ബുക്കിന്‍റെ നാലാംപാദ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്‍ബുക്ക് ഫീഡിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഡോണാൾഡ് ട്രംപ് പോസ്റ്റിട്ടപ്പോൾ അദ്ദേഹത്തിന്‍റെ ട്വിറ്റർ, ഫേസ്‍ബുക്ക് അക്കൗണ്ടുകൾ റദ്ദാക്കിയതും ഈ നയത്തിന്‍റെ അടിസ്ഥാനത്തിലാണ്.

അമേരിക്കയിൽ ഫലപ്രദമായി നടപ്പിലാക്കിയ നയം ലോകവ്യാപകമാക്കുകയാണ്ഫേസ്‍ബുക്ക്. കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന് പിന്നിൽ നടന്ന സോഷ്യൽ മീഡിയ കാമ്പയിനിംഗ് കൂടി പരിഗണിച്ചാണ് രാഷ്ട്രീയ ഗ്രൂപ്പുകളുടെ പോസ്റ്റുകളിൽ ഇടപെടാനുള്ള തീരുമാനം. നീതി നിഷേധത്തിനെതിരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരണം നടത്തുന്ന നിരവധി പേർ ഉണ്ടാകാം. എന്നാൽ പൊതുജനങ്ങൾ രാഷ്ട്രീയ പ്രതിവാദങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് നയപ്രഖ്യാപനം നടത്തിക്കൊണ്ട് ഫേസ്‍ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

പുതിയ തീരുമാനപ്രകാരം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ന്യൂസ് ഫീഡുകളിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ ഫേസ്‍ബുക്ക് പ്രോത്സാഹിപ്പിക്കില്ല. രാഷ്ട്രീയ ഉളളടക്കമുളള പോസ്റ്റുകളെ നിലനിർത്തുന്നതോ നീക്കം ചെയ്യുന്നതോ സംബന്ധിച്ച തീരുമാനം ഫേസ്‍ബുക്കിന്‍റെ സ്വതന്ത്ര നിരീക്ഷണ സമിതിയാവും എടുക്കുക. മുൻ ഡെൻമാർക്ക് പ്രധാനമന്ത്രി, നോബൽ സമ്മാന ജേതാവ് അടക്കമുളള 20 പേരാണ് നിരീക്ഷക സമിതിയിലെ അംഗങ്ങൾ. തീരുമാനം ശരിയും അത്യാന്താപേക്ഷിതവുമായിരുന്നെന്ന് ഫേസ്‍ബുക്ക് ഗ്ലോബൽ അഫേഴ്സ് പ്രസിഡന്‍റ് നിക്ക് ക്ലെഗ്ഗും വ്യക്താക്കി.

Tags:    

Similar News