ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നവരാമോ ? ; ഇക്കാര്യങ്ങൾ അറിയണേ..
പിഴ കിട്ടാതിരിക്കാനും സുഗമമായ യാത്രക്കും ഫാസ്റ്റ് ടാഗിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. വിവിധ മാർഗങ്ങളിലൂടെ ഫാസ്റ്റ് ടാഗ് റി ചാർജ് ചെയ്യാൻ സൗകര്യവുമുണ്ട്

- Published:
24 May 2026 1:17 PM IST

ദേശിയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ഫാസ്റ്റ് ടാഗ് ഇന്നൊരു അനിവാര്യമാണ്. ഫാസ്റ്റ് ടാഗ് ആക്റ്റിവേറ്റ് ചെയ്യുമ്പോൾ റീ ചാർജ് ചെയ്ത ബാലൻസ് തീർന്നെങ്കിൽ ആശങ്കപ്പെടണ്ട. റീ ചാർജ് ചെയ്യാൻ വിവിധ മാർഗങ്ങൾ ഇന്നുണ്ട്. സൗകര്യമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ദേശിയ പാതയിലൂടെയുള്ള സ്ഥിരം യാത്രികരാണ് നിങ്ങളെങ്കിൽ വാർഷിക പാസ് വാങ്ങാനും സൗകര്യമുണ്ട്.
ആദ്യം അറിയാം എന്താണ് ഫാസ്റ്റ് ടാഗ്?
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ , നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പ്രോഗ്രാമിന് കീഴിലാണ് ഫാസ്ടാഗ് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവും. പണം നൽകാനായി ടോൾ ബൂത്തുകളിൽ വാഹനം നിർത്തേണ്ടി വരുന്നില്ല. അങ്ങനെ സമയം ലാഭിക്കുകയാണ് ലക്ഷ്യം. ഫാസ്റ്റ് ടാഗിൽ പണമില്ലെങ്കിൽ ടോളായി ഇരട്ടി തുക നൽകേണ്ട സാഹചര്യവുമുണ്ട്. തത്വത്തിൽ വാഹനം ഉപയോഗിക്കുന്നവരുടെ നിത്യജീവിതത്തിൽ ഫാസ്റ്റ് ടാഗ് ഒരു അനിവാര്യഘടകമായിരിക്കുകയാണ്.
ഫാസ്‌ടാഗ് എങ്ങനെ റീച്ചാർജ് ചെയ്യാം?
ഫാസ്‌ടാഗിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ അത് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പേടിഎം, ഗൂഗിൾ പേ, ഫോൺപെ പോലുള്ള യുപിഐ ആപ്പുകൾ, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി എളുപ്പത്തിൽ റീച്ചാർജ് ചെയ്യാം.
1. യുപിഐ (UPI) ആപ്പുകൾ വഴി:
- ഏറ്റവും ലളിതമായ മാർഗമാണ് യുപിഐ ആപ്പുകൾ വഴിയുള്ള റീ ചാർജ്. ഗൂഗിൾ പേ, ഫോൺപെ, പേടിഎം, ഭീം (BHIM) തുടങ്ങിയ ആപ്പുകൾ ഇതിനായി ഉപയോഗിക്കാം.
- നിങ്ങളുടെ യുപിഐ ആപ്പ് തുറക്കുക.
- 'Send Money' അല്ലെങ്കിൽ 'FASTag Recharge' ഓപ്ഷൻ തിരഞ്ഞെടുക്കുക.
@bankname എന്ന ഫോർമാറ്റിൽ നിങ്ങളുടെ ഫാസ്‌ടാഗ് യുപിഐ ഐഡി (UPI ID) നൽകുക (ഉദാഹരണത്തിന്: KL01AA1111@hdfcbank). - റീച്ചാർജ് ചെയ്യേണ്ട തുക നൽകി ട്രാൻസാക്ഷൻ പൂർത്തിയാക്കുക.
- ഫാസ്‌ടാഗിലുള്ള ക്യുആർ കോഡ് (QR Code) നേരിട്ട് സ്കാൻ ചെയ്തും യുപിഐ വഴി പണമടയ്ക്കാം.
2. ബാങ്കിംഗ് ആപ്പുകൾ
നിങ്ങളുടെ ഫാസ്‌ടാഗ് ഏത് ബാങ്കിൽ നിന്നാണോ എടുത്തത്, ആ ബാങ്കിന്റെ ഔദ്യോഗിക ആപ്പോ വെബ്‌സൈറ്റോ വഴി റീച്ചാർജ് ചെയ്യാം.
- ബാങ്ക് ആപ്പിലെ 'FASTag' സെക്ഷൻ ലോഗിൻ ചെയ്യുക.
- 'Recharge' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- യുപിഐ, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ കാർഡ് വഴി പണമടയ്ക്കുക.
3. മൈഫാസ്‌ടാഗ് ആപ്പ്
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ (NHAI) ഔദ്യോഗിക ആപ്പാണിത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടോ വാലറ്റോ ലിങ്ക് ചെയ്യുക.
- 'Recharge FASTag' എന്നതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാം.
4. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ച്
- ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പോർട്ടലിലോ ആപ്പിലോ കയറി ഫാസ്‌ടാഗ് സെക്ഷൻ തെരഞ്ഞെടുക്കുക. അവിടെ വാഹന നമ്പർ നൽകിയ ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് റീച്ചാർജ് പൂർത്തിയാക്കാം.
ബാലൻസ് എങ്ങനെ പരിശോധിക്കാം?
ടോൾ ബൂത്തുകളിൽ ചെന്ന് പെടാതിരിക്കാൻ ബാലൻസ് കൃത്യമായി അറിയേണ്ടതുണ്ട്. ഓരോ തവണ ടോൾ പ്ലാസ കടക്കുമ്പോഴും ഫോണിലേക്ക് വരുന്ന എസ്എംഎസ് അലേർട്ടുകൾ വഴി നിലവിലെ ബാലൻസ് അറിയാം. കൂടാതെ, MyFASTag ആപ്പ് വഴിയോ നിങ്ങൾ ഉപയോഗിക്കുന്ന ബാങ്ക്/വാലറ്റ് ആപ്പുകൾ വഴിയോ ലൈവ് ബാലൻസും ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കാവുന്നതാണ്.
ഫാസ്‌ടാഗ് ആനുവൽ പാസ്
പതിവായി യാത്ര ചെയ്യുന്നവർക്ക് അടിക്കടി റീച്ചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ 'ഫാസ്‌ടാഗ് ആനുവൽ പാസ്' പ്രയോജനപ്പെടുത്താം. കാർ, ജീപ്പ്, വാൻ തുടങ്ങിയ നോൺ കൊമേഷ്യൽ വാഹനങ്ങൾക്കാണ് ഈ പ്രീപെയ്ഡ് ഒറ്റത്തവണ പേയ്‌മെന്റ് സൗകര്യം ലഭ്യമാകുക.
ആദ്യം 3,000 രൂപയായിരുന്ന ഈ വാർഷിക പാസ് നിരക്ക് സർക്കാർ 75 രൂപ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 3,075 രൂപ നൽകി ഈ പാസ് എടുക്കാം. ഇത് വഴി 1 വർഷത്തെ കാലാവധി അല്ലെങ്കിൽ 200 ടോൾ ക്രോസിംഗുകൾ (ഏതാണോ ആദ്യം വരുന്നത്) വരെ ടോൾ പ്ലാസകളിൽ തടസ്സമില്ലാതെ യാത്ര ചെയ്യാം.
ഇനി വാർഷിക പാസ് എങ്ങനെ വാങ്ങാം എന്നാണോ ?
- കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെയോ ദേശിയ പാത അതോറിറ്റിയുടെയോ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ സ്മാർട്ട്‌ഫോണിൽ 'രാജ്മാർഗ് യാത്ര' ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
- നിങ്ങളുടെ വാഹനത്തിന്റെ വിവരങ്ങൾ നൽകുക.
- നിലവിൽ ആക്റ്റീവ് ആയ, വാഹനവുമായി ലിങ്ക് ചെയ്ത ഫാസ്‌ടാഗ് ഐഡി (FASTag ID) രേഖപ്പെടുത്തുക.
- നെറ്റ് ബാങ്കിംഗ്, യുപിഐ, കാർഡുകൾ എന്നിവ വഴി 3,075 രൂപ അടയ്ക്കുക.
- പണമടച്ചു കഴിഞ്ഞാൽ ഈ പാസ് നിങ്ങളുടെ നിലവിലുള്ള ഫാസ്‌ടാഗ് ഐഡിയുമായി ലിങ്ക് ചെയ്യപ്പെടും. ഇത് സംബന്ധിച്ച കൺഫർമേഷൻ എസ്എംഎസ് ആയി ലഭിക്കും.
Adjust Story Font
16
