15,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; കൂട്ടപ്പിരിച്ചുവിടലിന് കോഗ്‌നിസെന്റ്
ജീവനക്കാരുടെ ശമ്പളം, പ്രദേശത്തിന്റെ സവിശേഷതകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാവും പിരിച്ചുവിടേണ്ട ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കോഗ്‌നിസെന്റ് അന്തിമ തീരുമാനമെടുക്കുക

ന്യൂഡല്‍ഹി: ഐടി ഭീമന്‍ കോഗ്‌നിസെന്റ് കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു. 12,000 മുതല്‍ 15,000 വരെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലാവും ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാവുക. മണികണ്‍ട്രോളാണ് കൂട്ടപിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഏപ്രില്‍ 29ന് കമ്പനി പ്രൊജക്ട് ലീപ് പദ്ധതിയുടെ ഭാഗമായി ചിലവുകളില്‍ 230 മില്യണ്‍ ഡോളര്‍ മുതല്‍ 320 മില്യണ്‍ ഡോളറിന്റെ വരെ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു . ഇതിന്റെ ഭാഗമായി കൂട്ടപിരിച്ചുവിടലുണ്ടാവുമെന്ന സൂചന കമ്പനി നല്‍കിയിരുന്നുവെങ്കിലും എത്രപേര്‍ക്ക് തൊഴില്‍നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല.
നിലവില്‍ കമ്പനിയില്‍ 3,57,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 2,50,000 ജീവനക്കാരും ഇന്ത്യയിലാണ്. കൂടുതല്‍ ജോലിക്കാരെ ഉപയോഗിച്ച് മുന്നോട്ട് പോകുകയെന്ന പരമ്പരാഗതമായ രീതിയില്‍ നിന്നും കമ്പനികള്‍ പിന്മാറുന്നതിനിടെയാണ് കോഗ്‌നിസെന്റും ഈ രീതിയില്‍ ചിന്തിക്കുന്നത്.
ഇന്ത്യയില്‍ ഒരു ജീവനക്കാരന്റെ ശരാശരി ശമ്പളം 15 ലക്ഷമായാണ് കണക്കാക്കിയിരിക്കുന്നത്. ആറ് മാസത്തെ ശമ്പളമായ 7.5 ലക്ഷം രൂപ നല്‍കി ഇന്ത്യയില്‍ മാത്രം പതിനായിരത്തിലേറെ പേരെ കോഗ്‌നിസെന്റ് പിരിച്ചുവിടും. എന്നാല്‍, അമേരിക്കയില്‍ ഒരു തൊഴിലാളിയെ പിരിച്ചുവിടണമെങ്കില്‍ ഇതിനേക്കാളെറെ ചിലവ് വരും. ഇതുമൂലം യുഎസിലെ പിരിച്ചുവിടല്‍ തോത് താരതമ്യേന കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
ജീവനക്കാരുടെ ശമ്പളം, പ്രദേശത്തിന്റെ സവിശേഷതകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാവും പിരിച്ചുവിടേണ്ട ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കോഗ്‌നിസെന്റ് അന്തിമ തീരുമാനമെടുക്കുക.
Adjust Story Font
16

