Quantcast

ട്രംപിൻ്റെ വാക്കില്‍ ഇടിഞ്ഞ് എണ്ണവില

ബ്രെൻ്റ് ക്രൂഡ് വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 107.9 ഡോളറിലെത്തി

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-20 11:54:25.0

Published:

20 May 2026 5:20 PM IST

Oil dives, Asian stocks surge as Trump agrees to two-week ceasefire
X

വാഷിങ്ടണ്‍ ഡിസി: അസംസ്‌കൃത എണ്ണവില താഴേക്ക് പതിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് വില മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 107.9 ഡോളറിലെത്തി. ഡബ്ലുടിഐ ക്രൂഡും മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് 101 ഡോളറിലാണ് വ്യാപാരം. തുടര്‍ച്ചയായ രണ്ടാംദിനമാണ് എണ്ണവിലയില്‍ കനത്ത ഇടിവുണ്ടാകുന്നത്.

യുഎസ്-ഇറാന്‍ സംഘര്‍ഷം വളരെ വേഗത്തില്‍ തന്നെ അവസാനിക്കുമെന്നും ആഗോള വിപണിയില്‍ എണ്ണവില കുത്തനെ താഴേക്ക് പതിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍. യുഎസുമായി കരാറിലെത്താന്‍ ഇറാന്‍ 'അത്രയധികം' ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. 'വിപണിയില്‍ ഇപ്പോള്‍ എണ്ണയുടെ വലിയ ശേഖരമുണ്ട്, അതുകൊണ്ട് തന്നെ വില താഴേക്ക് പതിക്കാന്‍ പോവുകയാണ്. നിലവിലെ യുദ്ധം ഞങ്ങള്‍ വളരെ വേഗത്തില്‍ അവസാനിപ്പിക്കും. ഒരു കരാറുണ്ടാക്കാന്‍ അവര്‍ (ഇറാന്‍) അത്രയധികം ആഗ്രഹിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ എണ്ണവില വലിയ രീതിയില്‍ ഇടിയുന്നത് നിങ്ങള്‍ക്ക് കാണാം' - ട്രംപ് പറഞ്ഞു.

ഇറാനെ വീണ്ടും ആക്രമിക്കാനുള്ള യുഎസ് നീക്കത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുതിച്ചുയര്‍ന്നത്. ബാരലിന് 110 ഡോളറിന് മുകളിലെത്തിയിരുന്നു. എന്നാല്‍, ആക്രമണം തുടരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എണ്ണവില ഇടിയുകയും സ്വര്‍ണവില ഉയരുകയുമായിരുന്നു.

അതിനിടെ, ഇറാനുമേല്‍ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്നും ട്രംപിനെ തടയാന്‍ ലക്ഷ്യമിട്ടുള്ള യുദ്ധാധികാര പ്രമേയവുമായി യുഎസ് സെനറ്റ് മുന്നോട്ട്. പ്രമേയം കമ്മിറ്റിയില്‍ നിന്ന് പാസാക്കുന്നതിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ നാല് അംഗങ്ങള്‍ ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തി. സെനറ്റില്‍ നടന്ന നിര്‍ണായക വോട്ടെടുപ്പില്‍ 50-47 എന്ന നിലയിലാണ് യുദ്ധവിരുദ്ധ പ്രമേയത്തെ അനുകൂലിക്കുന്നവര്‍ വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍ ബില്‍ കാസിഡി ഉള്‍പ്പെടെ നാല് ഭരണപക്ഷ സെനറ്റര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ അനുകൂലിച്ചു.

TAGS :

Next Story