ഡിജിറ്റൽ ഇന്ത്യയിൽ തട്ടിപ്പുകാർക്ക് കൊയ്ത്തുകാലം; നഷ്ടമാകുന്നത് വൻ തുകകൾ - പുതിയ റിപ്പോർട്ടുകൾ പുറത്ത്
റിസ്‌ക് ഇന്റലിജൻസ് സ്ഥാപനമായ 'ബ്യൂറോ' പുറത്തുവിട്ട 'ഇന്ത്യ ഫ്രോഡ് റിപ്പോർട്ട് 2026'ലും ആർബിഐ കണക്കുകളിലുമാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്

- Published:
18 April 2026 4:12 PM IST

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയരുമ്പോഴും ആശങ്കയുണർത്തുന്ന കണക്കുകളുമായി പുതിയ പഠന റിപ്പോർട്ടുകൾ. പണമിടപാടുകൾ സെക്കൻഡുകൾക്കുള്ളിൽ നടക്കുമ്പോൾ തന്നെ അതേ വേഗത്തിൽ പണം കവർന്നെടുക്കാൻ തട്ടിപ്പുകാരുടെ പുതിയ ശൃംഖലകളും സജീവമാകുന്നു എന്നാണ് കണക്കുകൾ. റിസ്‌ക് ഇന്റലിജൻസ് സ്ഥാപനമായ 'ബ്യൂറോ' പുറത്തുവിട്ട 'ഇന്ത്യ ഫ്രോഡ് റിപ്പോർട്ട് 2026'ലും ആർബിഐ കണക്കുകളിലുമാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
മുൻകാലങ്ങളിൽ ചെറിയ തുകകൾ ലക്ഷ്യമിട്ടുള്ള ഒടിപി തട്ടിപ്പുകളായിരുന്നു വ്യാപകമെങ്കിൽ, ഇപ്പോൾ രീതി മാറി. 2024-25 കാലയളവിൽ ബാങ്ക് തട്ടിപ്പുകൾ വഴി നഷ്ടപ്പെട്ടത് 36,014 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വർധനയാണ് ഇത് കാണിക്കുന്നത്. റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഓരോ കേസിലും നഷ്ടപ്പെടുന്ന തുക വൻതോതിൽ വർധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇത് തട്ടിപ്പുകൾ കുറയുന്നതല്ല, മറിച്ച് തട്ടിപ്പുകാർ കൂടുതൽ ബുദ്ധിശാലികളാകുന്നു എന്നാണ് വ്യക്തമാക്കുന്നതെന്ന് ബ്യൂറോ സിടിഒ ജി.എസ് സന്ദേഷ് വ്യക്തമാക്കുന്നു. തട്ടിയെടുത്ത പണം ഒളിപ്പിക്കാൻ 11 ലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. യഥാർഥ വിവരങ്ങളും വ്യാജ വിവരങ്ങളും കൂട്ടിക്കലർത്തി നിർമിക്കുന്ന പുതിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബാങ്കുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വലിയ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും തട്ടിപ്പ് നടത്താൻ സഹായിക്കുന്ന റെഡിമെയ്ഡ് ടൂളുകളും ഡാറ്റയും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ശബ്ദവും വീഡിയോയും വ്യാജമായി നിർമിച്ച് ആളുകളെ വിശ്വസിപ്പിക്കുന്നത് തിരിച്ചറിയാൻ പ്രയാസമാണ്. യുപിഐ ഉപയോഗിക്കുന്ന അഞ്ചിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകേണ്ടി വരുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
ബാങ്കുകളുടെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾ പുതിയ രീതിയിലുള്ള തട്ടിപ്പുകൾ തടയുന്നതിന് അപര്യാപ്തമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പണം നഷ്ടപ്പെട്ടതിന് ശേഷം മാത്രം പ്രതികരിക്കുന്ന രീതിയാണ് പലയിടത്തുമുള്ളത്. നിലവിലുള്ള സാങ്കേതികവിദ്യകൾ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഏകദേശം 1,120 കോടി രൂപയുടെ നഷ്ടം തടയാമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഇടപാടുകൾ അമിത വേഗത്തിൽ നടക്കുന്നത് തട്ടിപ്പുകാർക്ക് ഗുണകരമാകുന്നതിനാൽ, വലിയ തുകകളുടെ കൈമാറ്റത്തിന് ചെറിയ കാലതാമസം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്.
Adjust Story Font
16
