ഹോര്‍മുസ് തുറന്നതിന് പിന്നാലെ എണ്ണ വിലയില്‍ വന്‍ ഇടിവ്
ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം സുഗമമായി നടക്കുമെന്ന സൂചനകളാണ് എണ്ണ വിലയെ ഇടിച്ചുതാഴ്ത്തിയത്

- Published:
17 April 2026 8:46 PM IST

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അസംസ്‌കൃത എണ്ണ വിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 86.31 ഡോളര്‍ എന്ന നിലയിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് 14 ശതമാനത്തിലേറെ ഇടിഞ്ഞ് 80.98 ഡോളറിലെത്തി. അതേസമയം, ആഗോള ഓഹരിവിപണികളില്‍ ഉണര്‍വ് പ്രകടമായി.
ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം സുഗമമായി നടക്കുമെന്ന സൂചനകളാണ് എണ്ണ വിലയെ ഇടിച്ചുതാഴ്ത്തിയത്. രണ്ട് മാസത്തിലേറെയായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ എണ്ണ വില വന്‍ കുതിപ്പ് നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ ബാരലിന് 65 ഡോളറായിരുന്ന എണ്ണ വില ഒരു ഘട്ടത്തില്‍ 110 ഡോളറിനും മുകളിലേക്ക് പോയിരുന്നു.
ഹോര്‍മുസ് അടച്ചിട്ടത് ലോകമാകെ ഊര്‍ജപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം 20% മുതല്‍ 30% വരെ ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.
ലെബനാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് തുറന്നത്. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചത്.
Adjust Story Font
16
