കോൺഗ്രസിന് ഇനി സുധാകരന്റെ കൈക്കരുത്ത്

ഒരിക്കൽ വളപട്ടണം പൊലീസ് സ്റ്റേഷനിൽ കയറി 'നീ ആരാടാ ഇവിടെ? സുരേഷ് ഗോപിയോ? ഉടുപ്പ് അഴിച്ചുവയ്ക്കാൻ വലിയ സമയം വേണ്ട. രാഷ്ട്രീയം ഉണ്ടെങ്കിൽ വീട്ടിൽ വച്ചാൽ മതി, ഇവിടെ വേണ്ട' എന്ന് സിഐയുടെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട് സുധാകരൻ

MediaOne Logo

എം അബ്ബാസ്‌

  • Updated:

    2021-06-08 15:13:13.0

Published:

8 Jun 2021 3:12 PM GMT

കോൺഗ്രസിന് ഇനി സുധാകരന്റെ കൈക്കരുത്ത്
X

വീട്ടിൽ റെയ്ഡ് നടത്താനെത്തിയ പൊലീസ് പടയ്ക്ക് മുമ്പിൽ വന്ന്, ഈ വീട്ടിലേക്ക് കയറാൻ പറ്റില്ലെന്ന് പറഞ്ഞ അമ്മ മാധവിയുടെ നെഞ്ചൂക്കാണ് കെ സുധാകരൻ എന്ന രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയത്. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്നു പറയുന്ന ശൗര്യം. ശരീരഭാഷയും ശരീരവും ശബ്ദവുമാണ് തന്റെ പൊളിറ്റിക്കൽ അസറ്റ് എന്ന് തുറന്നുപറയുന്നതിലെ ആർജവം. ഗൺമാന് തോക്ക് കൊടുത്തിരിക്കുന്നത് ആളുകളെ വെടിവയ്ക്കാനാണ്, കാക്കയെ വെടിവയ്ക്കാനല്ല എന്ന് പറയുന്നതിലെ നിർഭയത്വം. ഒപ്പം നിൽക്കുന്നവർക്ക് ചങ്കുപറിച്ചു കൊടുക്കുന്ന സ്നേഹവും കരുതലും... ഒരു തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രൂപപ്പെട്ട പ്രതിസന്ധിയുടെ നടുക്കയത്തിൽ നിൽക്കുമ്പോഴാണ് കത്തിക്കയറുന്ന വാക്കുകൾ കൊണ്ടും കാർക്കശ്യം വിടാത്ത നിലപാടുകൾ കൊണ്ടും കേരളരാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിന്റെ അമരത്തെത്തുന്നത്.

ഇടതുതട്ടകത്തിൽ 'മുട്ടി'നിന്ന ചെറുപ്പക്കാരൻ

കോൺഗ്രസിൽ ആറു പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസമ്പത്താണ് സുധാകരന്റെ മേൽവിലാസം. വിദ്യാർത്ഥിയായിരിക്കെ, അറുപതുകളിൽ രാഷ്ട്രീയരംഗത്തേക്കിറങ്ങി. 67ൽ തലശ്ശേരി താലൂക്ക് കെഎസ്യു കമ്മിറ്റി പ്രസിഡണ്ടായി. മൂന്നു വർഷം കഴിയുമ്പോഴേക്കും സംസ്ഥാന നേതൃത്വത്തിലെത്തി. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ തട്ടകത്തിൽ അവരുടെ മേധാവിത്വത്തിനെതിരെ 'മുട്ടി' നിന്ന ചെറുപ്പക്കാരനെ കോൺഗ്രസ് നേതൃത്വം ശ്രദ്ധിച്ചു എന്നു വേണം പറയാൻ. അന്നും ഇന്നും സുധാകരൻ എന്ന രാഷ്ട്രീയക്കാരന്റെ അഡ്രസ് സിപിഎം വിരുദ്ധതയാണ്.

ലോകം മുഴുവൻ ബഹിഷ്‌കരിച്ച ഒരു പ്രത്യയശാസ്ത്രം കേരളത്തിൽ മാത്രം നിലനിൽക്കുമോ എന്ന് സുധാകരൻ ഉച്ചത്തിൽ ചോദിക്കും. പിണറായി വിജയനെ ഒരു ഭയവുമില്ലാതെ വെല്ലുവിളിക്കും. 'അയാൾ ഭീരുവാണ്. അടിയന്തരാവസ്ഥക്കാലത്ത് താലൂക്ക് ആപ്പീസിന് മുമ്പിൽ നിന്ന് ഒ ഭരതനും പിണറായി വിജയനും അടികിട്ടുന്നത് ഞാൻ നോക്കിക്കണ്ടവനാ...' എന്ന് ഉറക്കെ പറയും. എംവി രാഘവന്റെ നിഴലാകാൻ പറ്റുമോ പിണറായിക്ക് ചോദിക്കാനുള്ള ധൈര്യം കോൺഗ്രസിൽ ഇപ്പോൾ സുധാകരന് മാത്രമേയുള്ളൂ.


വാക്കിനുവാക്ക്, അടിക്ക് തിരിച്ചടി; അതാണു ലൈൻ

വാക്കിനു വാക്ക്, അടിക്ക് തിരിച്ചടി എന്നതാണ് സിപിഎമ്മിനെതിരെ സുധാകരൻ കണ്ണൂരിൽ സ്വീകരിച്ച രാഷ്ട്രീയലൈൻ. അത് പരിചിതമായിരുന്നില്ല കണ്ണൂരിലെ കമ്മ്യൂണിസ്റ്റു പാർട്ടിക്ക്. അതുകൊണ്ട് ഭീഷണികൾക്കു പഞ്ഞമുണ്ടായിരുന്നില്ല. രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെയും അതിജീവിച്ചു. നായനാർ മുഖ്യമന്ത്രിയാകുന്ന കാലം മുതൽ ഏറെക്കാലം ഗൺമാനുമുണ്ടായിരുന്നു സുധാകരനൊപ്പം. അക്കാലത്തായിരുന്നു, ഗൺമാന് തോക്കു കൊടുത്തിരിക്കുന്നത് ആളുകളെ വെടിവയ്ക്കാനാണ്, കാക്കയെ വെടിവയ്ക്കാനല്ല എന്ന വിവാദപ്രസ്താവന.

എതിർചേരിയിൽ നിന്ന് പരസ്യമായി വെല്ലുവിളിച്ച സുധാകരന് പലകുറി ബിജെപി പട്ടം ചാർത്തി നൽകിയിട്ടുണ്ട് സിപിഎം. ഒരു കാൽ ബിജെപിയുടെ വഞ്ചിയിലേക്ക് എടുത്തുവച്ച നേതാവാണ് സുധാകരൻ എന്ന തോന്നലുണ്ടാക്കാൻ ആ ആരോപണങ്ങൾ കൊണ്ട് സാധിച്ചു. ചെന്നൈയിൽ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി ജയരാജൻ ഒരിക്കൽ സുധാകരനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സുധാകരശൗര്യത്തിൽ കണ്ണുവച്ച് ബിജെപി ദൂതന്മാർ ഒന്നിലേറെ തവണ കോൺഗ്രസ് നേതാവിന്റെ വാതിലിൽ മുട്ടിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ 'അറക്കലെ ബീവിയെ കെട്ടണംന്ന് മോഹിച്ചിട്ട് കാര്യമില്ലല്ലോ, ബീവിക്കും വേണ്ടേ ഒരു സമ്മതം' എന്ന ഉത്തരമാണ് സുധാകരൻ ഇതിന് നൽകിയത്.

കൂടെയുണ്ടോ.. ചങ്കുപറിച്ചുതരും

ഒപ്പമുള്ളവരെ ചേർത്തുനിർത്തുന്നതിൽ കെ കരുണാകരന്റെ പതിപ്പാണ് സുധാകരൻ. പാർട്ടി പ്രവർത്തകരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ പോലും അദ്ദേഹത്തിന് തടസ്സമായിട്ടില്ല. ഒരിക്കൽ വളപട്ടണം പൊലീസ് സ്റ്റേഷനിൽ കയറി 'നീ ആരാടാ ഇവിടെ? സുരേഷ് ഗോപിയോ? ഉടുപ്പ് അഴിച്ചുവയ്ക്കാൻ വലിയ സമയം വേണ്ട. രാഷ്ട്രീയം ഉണ്ടെങ്കിൽ വീട്ടിൽ വച്ചാൽ മതി, ഇവിടെ വേണ്ട' എന്ന് സിഐയുടെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട് സുധാകരൻ. അതിലെ തെറ്റും ശരിയുമല്ല, ചങ്കുപറിച്ചു കൊടുക്കുന്ന ആ സ്വഭാവമാണ് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ ഊർജം.

ഒരിക്കൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ പ്രസിഡണ്ട് പദവിയാണ് ഇപ്പോൾ ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ സുധാകരനെ തേടിയെത്തുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് പകരം വിഡി സതീശൻ വന്നതിന് സമാനമാണ് സുധാകരന്റെ വരവും. ഗ്രൂപ്പുകൾക്ക് മീതെയാണ് ഹൈക്കമാൻഡിന്റെ ഇളക്കിപ്രതിഷ്ഠ നടക്കുന്നത്. അതുകൊണ്ടു തന്നെ സുധാകരന് ഏറ്റവും വലിയ വെല്ലുവിളിയുണ്ടാകുക പാർട്ടിക്കകത്തു നിന്നുതന്നെയാണ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും പഴയ വീര്യമില്ലെങ്കിൽ പോലും ഇപ്പോഴും സജീവമാണ്. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഗ്രൂപ്പ് സമവാക്യങ്ങൾക്ക് ഇപ്പോൾ എന്താണ് പ്രസക്തിയെന്ന് ചോദിക്കുന്ന യുവനേതാക്കളാകും സുധാകരന്റെ ശക്തി. ഗ്രൂപ്പ് സമവാക്യങ്ങൾ അടിമുടി മാറിയേക്കാമെന്ന കൗതുകവും നിലനിൽക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലില്ലാത്ത വിധം തിരിച്ചടി നേരിട്ട കോൺഗ്രസ്, സംഘടനാദൗർബല്യത്തിൽ ഉലഞ്ഞുനിൽക്കുന്ന വേളയിലാണ് സുധാകരനിലെ ശൗര്യത്തെ ആശ്രയിക്കുന്നത്. മുഖത്തുനോക്കി വെട്ടിത്തുറന്നു പറയുന്നതാണ് സുധാകരനിലെ ശീലം. ഉള്ളിലൊന്നും പുറത്തൊന്നും പറയുന്ന രീതി അദ്ദേഹത്തിനില്ല. പാർട്ടിയുടെ ശക്തിദൗർബല്യങ്ങളെ കുറിച്ച് നന്നായി അറിയുന്ന നേതാവുമാണ്. ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയെ ഒന്നിച്ചുകൊണ്ടുപോകുക എന്നതാണ് സുധാകരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

TAGS :

Next Story