റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട്കേസിൽ മൃദേഹം, തല കണ്ടെടുത്തത് തടാകത്തിൽ; പോസ്റ്റുമോര്‍ട്ടത്തിനിടെ സര്‍ജന്‍ നല്‍കിയത് ആ നിർണായക തെളിവ്, യുവാവിൻ്റെ മരണത്തിൽ ഭാര്യ പിടിയിലായത് ഇങ്ങനെ
അടിവസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ബാര്‍കോഡും നിര്‍ണായകമായി

- Published:
10 Jun 2026 11:38 AM IST

ചെന്നൈ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 2026 ജൂൺ 05ന് സ്യൂട്ട്കേസിൽ നിന്ന് കണ്ടെത്തിയ മൃദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ നല്‍കിയ തെളിവാണ് കേസില്‍ വഴിത്തിരിവായത്. അമീറലി എന്ന യുവാവാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ അസം സ്വദേശി 31കാരിയായ രോഹിമയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ചെങ്കൽപേട്ടിലെ കൊളവായ് തടാകത്തിൽ നിന്നാണ് ഇയാളുടെ ഛേദിക്കപ്പെട്ട തല കണ്ടെടുത്തിരുന്നത്.
കേസിൽ ആദ്യം ലഭ്യമായ ഏക സൂചന ശരീരത്തിൽ നിന്ന് കണ്ടെത്തിയ ഒരു പാന്റ്‌സ് മാത്രമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടെ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ട അടിവസ്ത്രത്തിലെ ബാര്‍കോഡ് ഉപയോഗിച്ച്, അന്വേഷണ ഉദ്യോഗസ്ഥർ അത് വാങ്ങിയ ടി. നഗറിലെ കട കണ്ടെത്തി, വാങ്ങിയയാളുടെ മൊബൈൽ ഫോൺ നമ്പറും കരസ്ഥമാക്കി.
ഫോണിന്റെ ലൊക്കേഷൻ ഡാറ്റ വിശകലനം ചെയ്തതിൽ നിന്ന്, ഉപയോക്താവ് ടി. നഗറിനും തേനാംപേട്ടിനും ഇടയിൽ പതിവായി യാത്ര ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ തേനാംപേട്ടിലെ ഒരു കാൻസർ ആശുപത്രിയിൽ പതിവായി പോയിരുന്നതായും തെളിഞ്ഞു.
സ്യൂട്ട്കേസിന്റെ ഫോട്ടോകൾ ആശുപത്രി ജീവനക്കാർക്ക് കാണിച്ചുകൊടുത്തതിലൂടെയും കൂടുതൽ അന്വേഷണങ്ങളിലൂടെയും ഒരു വനിത ഇദ്ദേഹത്തിൻ്റെ ഒപ്പം ആശുപത്രിയിലേക്ക് എത്തിയിരുന്നതായി കണ്ടെത്തി. പ്രത്യേക സംഘങ്ങൾ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കണ്ടെടുത്ത വസ്തുക്കളിൽ ചുവപ്പും മഞ്ഞയും നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ ഉണ്ടായിരുന്നു, അവ തരാമണിയിലെ ഒരു ആശുപത്രിയിൽ ഉപയോഗിച്ചിരുന്ന ഡിസ്പോസൽ ബാഗുകളാണെന്ന് തിരിച്ചറിഞ്ഞു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ, സംഘം ആശുപത്രി സന്ദർശിക്കുകയും അത്തരം ബാഗുകൾ കൈകാര്യം ചെയ്ത ജീവനക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്തു.
സിസിടിവി വിശകലന സംഘം സംശയാസ്പദമായ ഒരു ഓട്ടോറിക്ഷയെ തിരിച്ചറിഞ്ഞു. റാപ്പിഡോ ഓട്ടോറിക്ഷയുടെ ബുക്കിംഗ് രേഖകളുമായി ഒത്തുനോക്കി, തേനാംപേട്ടിൽ പ്രതികളുടെ താമസസ്ഥലം തിരിച്ചറിഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ അസമിൽ നിന്നുള്ള റഹിമ ഖാത്തൂണും (30) സുഹൃത്ത് അസ്രഫ് അലിയും (36) ചേർന്നാണ് അമീർ അലിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കാൻസർ രോഗികൾക്ക് യാത്രയും താമസവും ഒരുക്കുന്ന ബ്രോക്കറായി താൻ ജോലി ചെയ്തിരുന്നതായി റഹിമ ഖാത്തൂൺ പൊലീസിനോട് പറഞ്ഞു.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇത് തനിക്ക് മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. അമീർ അലി തന്നെ പതിവായി ഉപദ്രവിച്ചിരുന്നതായും പീഡനത്തെക്കുറിച്ച് അസ്രഫ് അലിയോട് പറഞ്ഞിരുന്നതായും അവർ പറഞ്ഞു. ഇരുവരും ചേർന്ന് അമീർ അലിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. ജൂൺ രണ്ടിന് ഉറക്ക ഗുളികകൾ ചേർത്ത പാൽ നൽകി. പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് പ്രതികൾ തലയില്ലാത്ത മൃതദേഹം ഒരു സ്യൂട്ട്‌കേസിനുള്ളിൽ സൂക്ഷിച്ച് ജൂൺ അഞ്ചിന് രാവിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. ജൂൺ ആറിന് ചെങ്കൽപേട്ട് പ്രദേശത്ത് വെട്ടിമാറ്റിയ തല ഒളിപ്പിച്ചുവെച്ചതായും ബാക്കി ശരീരഭാഗങ്ങൾ വീടിനടുത്തുള്ള ഡ്രെയിനേജ് കനാലിൽ ഉപേക്ഷിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ചോദ്യം ചെയ്യലിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തേനാംപേട്ടിലെ പ്രതിയുടെ വസതിക്ക് സമീപമുള്ള ബക്കിംഗ്ഹാം കനാൽ പ്രദേശത്ത് നിന്ന് പ്രത്യേക സംഘം അറ്റുപോയ കൈകളും കാലുകളും കണ്ടെടുത്തു. കേസിൻ്റെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16
