ഇന്ത്യൻ സംഗീതത്തിലെ പ്രണയ ശബ്ദം; വിരമിക്കൽ പ്രഖ്യാപിച്ച് അരിജിത് സിംഗ്
2011ൽ പുറത്തിറങ്ങിയ മർഡർ 2 എന്ന ചിത്രത്തിലെ 'ഫിർ മൊഹബ്ബത്ത്' ആണ് ആദ്യ ഗാനം

മുംബൈ: പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അരിജിത് സിംഗ്. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് താരം വിവരം പങ്കുവെച്ചത്. ശ്രോതാക്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും സ്വതന്ത്ര സംഗീതജ്ഞൻ എന്ന നിലയിൽ സംഗീതത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
'എല്ലാവർക്കും പുതുവത്സരാശംസകൾ. ശ്രോതാക്കൾ എന്ന നിലയിൽ വർഷങ്ങളായി ഇത്രയധികം സ്നേഹം നൽകിയതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി. ഇനി മുതൽ ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ വർക്കുകൾ ഏറ്റെടുക്കുന്നില്ലെന്ന് അറിയിക്കുന്നു. ഞാൻ അവസാനിപ്പിക്കുന്നു. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു.' അരിജിത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
2005ൽ ഫെയിം ഗുരുകുൽ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അരിജിത് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. 2011ൽ പുറത്തിറങ്ങിയ മർഡർ 2 എന്ന ചിത്രത്തിലെ 'ഫിർ മൊഹബ്ബത്ത്' എന്ന ഗാനത്തിലൂടെ ഹിന്ദി ചലച്ചിത്ര രംഗത്തും അരങ്ങേറ്റം കുറിച്ചു. ആദ്യ ഗാനത്തിൽ തന്നെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ അരിജിത് സിങ്ങിന് സാധിച്ചു. പിന്നീട് ഒരു ദശാബ്ദത്തിലധികം ഇന്ത്യൻ യുവാക്കളുടെ പ്രണയ ഗാനങ്ങൾക്ക് അരിജിത്തിന്റെ ശബ്ദമായിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അരിജിത്തിന് ലഭിച്ചിട്ടുണ്ട്. 2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
Adjust Story Font
16

