Quantcast

'എന്റെ പ്ലേലിസ്റ്റ് ഡിലീറ്റ് ചെയ്തോളൂ, എന്നെ മറന്നോളൂ; പക്ഷേ നിലപാടിൽ മാറ്റമില്ല': ജന്തർ മന്തർ പ്രതിഷേധത്തിന് പിന്തുണയുമായി അരിജിത് സിങ്

യൂണിഫോം ധരിച്ച ഗുണ്ടകളെപ്പോലെയാണ് സുരക്ഷാ സേന പെരുമാറുന്നതെന്ന് അരിജിത് സിങ് എക്സിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    22 July 2026 11:11 PM IST

എന്റെ പ്ലേലിസ്റ്റ് ഡിലീറ്റ് ചെയ്തോളൂ, എന്നെ മറന്നോളൂ; പക്ഷേ നിലപാടിൽ മാറ്റമില്ല: ജന്തർ മന്തർ പ്രതിഷേധത്തിന് പിന്തുണയുമായി അരിജിത് സിങ്
X

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും വിമർശനവുമായി പ്രശസ്ത ഗായകൻ അരിജിത് സിങ്. യൂണിഫോം ധരിച്ച ഗുണ്ടകളെപ്പോലെയാണ് സുരക്ഷാ സേന പെരുമാറുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. വിദ്യാർഥികൾക്കെതിരെ ഒരിക്കലും ബലം പ്രയോഗിക്കാൻ പാടില്ലെന്നും, ഭരണകർത്താക്കളും ഡൽഹി പൊലീസും ലജ്ജിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. 'എല്ലാ കാര്യങ്ങളും ഓർമിക്കപ്പെടും, മാറ്റം മാത്രമാണ് ശാശ്വതം' എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

അരിജിത്തിന്റെ രാഷ്ട്രീയ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഒരു ആരാധകൻ പങ്കുവെച്ച കമന്റിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ നിലപാടുകൾ കാരണം ആരാധകരുടെ ബഹുമാനം നഷ്ടപ്പെടുന്നതിൽ ഒട്ടും ആശങ്കയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി:

'ആരെങ്കിലും എന്നെ ബഹുമാനിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് ഉത്കണ്ഠയില്ല. എന്റെ ആരാധകനാണ് എന്നതു കൊണ്ടുമാത്രം നിങ്ങളോട് മധുരം പുരട്ടിയ വാക്കുകൾ പറയാൻ എനിക്ക് സാധിക്കില്ല. എന്റെ വാക്കുകൾ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ മാപ്പ് ചോദിക്കുന്നു. എന്നാൽ എനിക്ക് കടുത്ത ദേഷ്യമുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ പാട്ടുകളുടെ പ്ലേലിസ്റ്റ് ഡിലീറ്റ് ചെയ്യാം, എന്നെ മറക്കാം. പക്ഷേ അതൊന്നും എന്റെ അഭിപ്രായത്തെയോ നിലപാടിനെയോ മാറ്റില്ല.'

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭം നടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വിദ്യാർഥികളാണ് കഴിഞ്ഞ ഒരു മാസമായി ജന്തർ മന്തറിൽ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് തടയാൻ സുരക്ഷാ സേന ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ചതോടെയാണ് തലസ്ഥാനത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടത്.

കഴിഞ്ഞ ജനുവരിയിൽ സിനിമാ പിന്നണി ഗാനരംഗത്തുനിന്ന് താൻ പിൻമാറുന്നതായി അരിജിത് സിങ് പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. പുതിയ സിനിമാ ഗാനങ്ങൾ ഇനി ഏറ്റെടുക്കുന്നില്ലെന്നും, സ്വതന്ത്ര സംഗീതത്തിലും ക്ലാസിക്കൽ സംഗീതത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ 'രൈന' എന്ന പേരിൽ അദ്ദേഹം ഒരു സ്വതന്ത്ര സംഗീത ആൽബം പുറത്തിറക്കുകയും ചെയ്തിരുന്നു. നിലവിൽ സംഗീത പര്യടനങ്ങളിലും സ്വതന്ത്ര സൃഷ്ടികളിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

TAGS :

Next Story