'ഫിർ മൊഹബത്ത് മുതൽ മാതൃഭൂമി വരെ'; അരിജിത് സിങ് പിന്നണി ഗാനം ഉപേക്ഷിച്ചതെന്തിന്?
2010ൽ തെലുങ്ക് ചിത്രമായ കേഡിയിലൂടെയാണ് അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്

- Published:
28 Jan 2026 2:44 PM IST

മുംബൈ: ആരാധകരെ നിരാശരാക്കി പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി അരിജിത് സിങ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് സിനിമാ മേഖലയിലെ സഹപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വിവരം താരം പങ്കുവെച്ചത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സൽമാൻ ഖാൻ നായകനായ 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ചിത്രത്തിനായാണ് അരിജിത് സിങ് അവസാനമായി പാടിയത്. 'മാതൃഭൂമി' എന്ന ഗാനമാണ് ശ്രേയ ഘോഷാലുമായി ചേർന്ന് അദ്ദേഹം ആലപിച്ചത്.
എന്നാൽ പെട്ടെന്നു ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്താണ് എന്ന് തിരയുകയാണ് ആരാധകർ. പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അരിജിത് സിങ് തന്റെ സ്വകാര്യ എക്സ് അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. 'ഇതിന് പിന്നിൽ ഒറ്റ കാരണമല്ല, നിരവധി കാരണങ്ങളുണ്ട്. കൂടാതെ വളരെക്കാലമായി ഞാൻ ഇതിന് വേണ്ടി ശ്രമിക്കുകയാണ്. ഒരു കാരണം ലളിതമാണ്, എനിക്ക് ബോറടിക്കുന്നു. അതുകൊണ്ടാണ് ഒരേ പാട്ടുകൾ ക്രമീകരണങ്ങൾ മാറ്റി വേദിയിൽ അവതരിപ്പിക്കുന്നത്. അപ്പോൾ കാര്യം ഇതാണ്, എനിക്ക് ബോറടിച്ചു.' അദ്ദേഹം എഴുതി.
22010ൽ തെലുങ്ക് ചിത്രമായ കേഡിയിലൂടെയാണ് അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിനുശേഷം മർഡർ 2 എന്ന ചിത്രത്തിലെ 'ഫിർ മൊഹബ്ബത്ത്' എന്ന ഗാനം അദ്ദേഹത്തിന് ബോളിവുഡിലേക്കുള്ള വഴി തുറന്നു. 2013ൽ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ ഗാനങ്ങൾ ബോളിവുഡിൽ അരിജിത് സിങ്ങിന്റെ അടിത്തറയുറപ്പിച്ചു. ആഷിഖി 2ലെ ഒരു ഗാനമെങ്കിലും മൂളാത്ത ആളുകൾ ആ കാലഘട്ടത്തിൽ കുറവായിരുന്നു. അത്രയധികം സ്വാധീനമുണ്ടാക്കാൻ 'തും ഹി ഹോ..' ഉൾപ്പെടെയുള്ള ഗാനങ്ങൾക്ക് സാധിച്ചു.
ഇതുവരെ ഇന്ത്യയിലെ വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങൾ അരിജിത് സിങ് പാടിയിട്ടുണ്ട്. അതായത് പ്രതിവർഷം ശരാശരി 53ലധികം ഗാനങ്ങൾ. സന്യ മൽഹോത്ര അഭിനയിച്ച പാഗ്ലൈറ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതവും നൽകി. ഇതിനുപുറമെ, രാജ്യത്തും വിദേശത്തുമായി തുടർച്ചയായി ലൈവ് ഷോകളുടെയും ടൂറുകളുടെയും തിരക്കിലാണ് അദ്ദേഹം. കഴിഞ്ഞ 15 വർഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ സംഗീത പ്രേമികൾക്ക് അരിജിത് സിങ്ങിന്റെ ശബ്ദം കേൾക്കാൻ അവസരം ലഭിക്കാത്ത ഒരു വർഷം പോലും കടന്ന് പോയിട്ടില്ല. മുംബൈയുടെ ആഡംബര ജീവിതത്തിൽ നിന്നും വളരെ അകലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ജനിച്ച അരിജിത് സിംഗ് ഒരിക്കലും സെലിബ്രിറ്റി പാർട്ടികളിൽ മുഖ്യധാരാ താരമായിരുന്നില്ല. വളരെ ലളിതമായ ജീവിത ശൈലിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്.
Adjust Story Font
16
