'ആണവായുധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നിശബ്ദമായ പുഞ്ചിരി'; ഇസ്രായേലിനെയും ഗ്രീസിനെയും ആശങ്കയിലാക്കി തുർക്കി വിദേശകാര്യമന്ത്രിയുടെ പ്രതികരണം
ഫിദാന്റെ മൗനം ഒരു 'തന്ത്രപരമായ അവ്യക്തത' സൃഷ്ടിക്കലാണെന്നാണ് ഇസ്രായേലി പത്രമായ മാരിവ് നിരീക്ഷിക്കുന്നത്

- Published:
13 Feb 2026 1:44 PM IST

അങ്കാറ: ഒരു വാക്കുപോലും ഉച്ചരിക്കാതെ നയതന്ത്ര ലോകത്ത് വൻ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ. തുർക്കിയുടെ ആണവായുധ നയത്തെക്കുറിച്ച് ഒരു തത്സമയ ടെലിവിഷൻ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇസ്രായേൽ, ഗ്രീസ് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ തന്നെ തുർക്കിയുടെ പ്രതിരോധ കരുത്ത് ലോകത്തെ അറിയിക്കാനുള്ള കണക്കുകൂട്ടിയുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫിദാന്റെ മൗനം ഒരു 'തന്ത്രപരമായ അവ്യക്തത' സൃഷ്ടിക്കലാണെന്നാണ് ഇസ്രായേലി പത്രമായ മാരിവ് നിരീക്ഷിക്കുന്നത്. ചോദ്യത്തിന് മറുപടി നൽകാതെ കുറച്ചുനേരം നിശബ്ദനായിരുന്ന ഫിദാന്റെ നടപടി ബോധപൂർവമാണെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്ന് നിലവിൽ യുദ്ധഭീഷണിയൊന്നുമില്ലെന്ന ഫിദാന്റെ സമീപകാല വിലയിരുത്തലുമായി ഇതിനെ പത്രം കൂട്ടിവായിക്കുന്നു. ഫിദാന്റെ മുഖഭാവത്തിലായിരുന്നു ഇസ്രായേൽ പത്രമായ 'ഹയോം' ശ്രദ്ധ കേന്ദ്രീകരിച്ചത്. 'അദ്ദേഹത്തിന്റെ പുഞ്ചിരി മാത്രം മതിയായിരുന്നു അർഹിക്കുന്നവർക്ക് കൃത്യമായ സന്ദേശം കൈമാറാൻ, അവിടെ വാക്കുകളുടെ ആവശ്യമില്ലായിരുന്നു' എന്ന് പത്രം റിപ്പോർട്ട് ചെയ്തു.
'തുർക്കി ഉത്തരം നൽകാത്ത ചോദ്യങ്ങൾ ഏതൻസിന്റെ ഏറ്റവും മോശം ആശങ്കകൾക്ക് ആക്കം കൂട്ടുന്നു' എന്നാണ് ഗ്രീസിലെ യൂറോപോസ്റ്റ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. മറുപടി നൽകാതെ ഫിദാൻ ദീർഘനേരം മടിച്ചുനിന്നത് ഊഹാപോഹങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
അമേരിക്കയും റഷ്യയും തമ്മിലുള്ള 'ന്യൂ സ്റ്റാർട്ട്' ഉടമ്പടിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ആണവായുധങ്ങളെക്കുറിച്ച് നിലനിൽക്കുന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവമെന്ന് 'കാത്തിമെറിനി' നിരീക്ഷിച്ചു. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചത് ഒരു സ്ഥിരീകരണമോ നിഷേധമോ അല്ലെന്നും, മറിച്ച് തുർക്കിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രകടനമാണെന്നും 'പ്രോന്യൂസ്' വിലയിരുത്തി.
ഔദ്യോഗിക പ്രസ്താവനകൾക്ക് കഴിയാത്ത കാര്യങ്ങൾ നിശബ്ദ പ്രതികരണത്തിലൂടെ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മേഖലയിലെ ഭീഷണികളെ നേരിടുന്ന ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ, സ്വന്തം സുരക്ഷാ നയങ്ങൾ തീരുമാനിക്കാനുള്ള അവകാശം തുർക്കിക്കുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ആണവായുധ ശേഷിയെക്കുറിച്ച് സ്ഥിരീകരിക്കാതിരിക്കുന്നതിലൂടെ, തങ്ങളുടെ യഥാർഥ കരുത്ത് എന്താണെന്ന് ശത്രുരാജ്യങ്ങൾക്ക് പിടികൊടുക്കാതിരിക്കാനും നയതന്ത്രപരമായ മുൻതൂക്കം നിലനിർത്താനും ഫിദാന്റെ ഈ നീക്കം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Adjust Story Font
16
