ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു
അധികാരക്കൈമാറ്റം സമാധാനപരവും സുഗമവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും, തന്റെ പിൻഗാമിക്ക് പൂർണ പിന്തുണ നൽകുമെന്നും സ്റ്റാർമർ വ്യക്തമാക്കി

- Updated:
2026-06-22 11:16:32

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും ധാർമികമായും തകർന്നടിഞ്ഞ ഒരു ലേബർ പാർട്ടിയെയാണ് തനിക്ക് ലഭിച്ചതെന്ന് സ്റ്റാർമർ പറഞ്ഞു. പാർട്ടിയുടെ കാലം കഴിഞ്ഞെന്നാണ് ആളുകൾ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ആളുകൾക്ക് തെറ്റ് പറ്റിയെന്ന് താൻ തെളിയിച്ചു. സാമ്പത്തികം, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയവയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ തനിക്ക് കഴിഞ്ഞെന്നും സ്റ്റാർമർ പറഞ്ഞു.
അധികാരക്കൈമാറ്റം സമാധാനപരവും സുഗമവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും, തന്റെ പിൻഗാമിക്ക് പൂർണ പിന്തുണ നൽകുമെന്നും സ്റ്റാർമർ വ്യക്തമാക്കി.
രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ ശക്തവും നീതിയുക്തവുമായ ഒരു ബ്രിട്ടനാണ് തങ്ങൾക്ക് പൈതൃകമായി ലഭിക്കുന്നത് എന്ന് അവർക്കറിയാം. ആറ് വർഷമായി തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും, ഓഫീസ് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സ്റ്റാർമർ നന്ദി അറിയിച്ചു.
2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ചരിത്ര ഭൂരിപക്ഷത്തോടെയാണ് സ്റ്റാർമറും ലേബർ പാർട്ടിയും അധികാരത്തിലേറിയത്. എന്നാൽ, അധികം വൈകാതെതന്നെ വിവിധ വിവാദങ്ങളും പ്രതിഷേധങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റി ആരംഭിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന പ്രചാരണം സ്റ്റാർമറുടെ പ്രധാനമന്ത്രിപദത്തെ സമ്മർദത്തിലാക്കിയിരുന്നു.
Adjust Story Font
16
