ഹിജാസ് റെയിൽവേ പുനരുജ്ജീവിപ്പിക്കൽ പദ്ധതിയുമായി തുർക്കി
ഒമാൻ വരെ നീട്ടി ഹോർമുസിന് ബദൽ പാതയൊരുക്കുന്നതിനും ആലോചനയുണ്ട്

- Published:
4 Jun 2026 4:00 PM IST

അങ്കാറ: ആഗോള വ്യാപാര രംഗത്ത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് ബദലായി ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേ പാത പുനരുജ്ജീവിപ്പിക്കാനും ഒമാൻ വരെ നീട്ടാനുമുള്ള പദ്ധതിയുമായി തുർക്കി. ടൂറിസം സാധ്യതകൾക്കൊപ്പം ആധുനിക ചരക്കുനീക്കത്തിനും അനുയോജ്യമായ രീതിയിൽ ഈ ചരിത്ര പാതയെ പുനരുജ്ജീവിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് തുർക്കി ഗതാഗത- അടിസ്ഥാന സൗകര്യ വികസന മന്ത്രി അബ്ദുൽഖാദിർ ഉറാളോഗ്ലു പറഞ്ഞു.
ആദ്യഘട്ടത്തിൽ തുർക്കിയെ സിറിയയിലെ അലപ്പോയുമായി ബന്ധിപ്പിക്കുമെന്നും, നിലവിലുള്ള അലപ്പോ- ദമാസ്‌കസ്- ജോർദാൻ ശൃംഖല ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. പാത ഒമാൻ വരെ നീട്ടി സമുദ്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഹോർമുസിന് ശക്തമായൊരു ബദൽ പാത സൃഷ്ടിക്കുകയാണ് അന്തിമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാഖിലെ ബസറ ഗൾഫ് മുതൽ തുർക്കി അതിർത്തി വരെ നീളുന്ന 1,200 കിലോമീറ്റർ ദൈർഘ്യമുള്ള ഡെവലപ്മെന്റ് റോഡ് പ്രോജക്ടിന്റെ രൂപകൽപ്പന പൂർത്തിയായതായും മന്ത്രി സ്ഥിരീകരിച്ചു. ഹൈവേകൾ, റെയിൽവേകൾ, ഊർജ- വാർത്താവിനിമയ ലൈനുകൾ എന്നിവയുൾപ്പെടുന്ന ഈ വൻകിട ഇടനാഴി യുഎഇ, ഖത്തർ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ധനസഹായം ഉപയോഗിച്ചാണ് നടപ്പിലാക്കുക. മേഖലയിലെ അശാന്തമായ സാഹചര്യം ശാന്തമാകുന്നതോടെ ഇതിന്റെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മിഡിൽ കോറിഡോറിന്റെ തന്ത്രപ്രധാന ഭാഗമായ 'സംഗേസൂർ ഇടനാഴിയെ' കുറിച്ച് സംസാരിക്കവെ, തുർക്കി ഭാഗത്തുള്ള 224 കിലോമീറ്റർ ദൈർഘ്യമുള്ള കാർസ്- ഇഗ്ദിർ- അരാലിക്- ദിലുചു ലൈനിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി നിർമാണം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. അസർബൈജാൻ ഭാഗത്തെ നിർമാണം പൂർത്തിയായിവരികയാണ്. അർമേനിയൻ പ്രദേശത്തിലൂടെയുള്ള സംഗേസൂർ പാത യാഥാർഥ്യമാകുന്നതോടെ മധ്യേഷ്യയിലേക്കും തുർക്കിക് രാജ്യങ്ങളിലേക്കുമുള്ള ദൂരം ഗണ്യമായി കുറയുമെന്നും മന്ത്രാലയം ഈ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്താംബൂളിലെ റെയിൽ ഗതാഗത വികസനത്തിന്റെ ഭാഗമായി യാവൂസ് സുൽത്താൻ സലിം പാലത്തിൽ റെയിൽവേ ലൈൻ ഉൾപ്പെടുത്തുന്ന പദ്ധതി ചരക്കുനീക്ക ശേഷി വർധിപ്പിക്കുന്നതിൽ വലിയൊരു ചുവടുവെപ്പാണെന്ന് ഉറാളോഗ്ലു പറഞ്ഞു. ലോകബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പദ്ധതിക്കാവശ്യമായ ധനസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രാഥമിക കരാറുകൾ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള ചരക്ക്- യാത്രാ ട്രെയിനുകളുടെ ശേഷിക്കുറവ് പരിഹരിക്കുന്നതിനായി 6.75 ബില്യൺ ഡോളറിന്റെ വായ്പയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ഈ വർഷം അവസാനത്തോടെ നിർമാണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഹിജാസ് റെയിൽവേയുടെ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓട്ടോമൻ ഭരണകാലത്ത് നിർമിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ റെയിൽവേ ശൃംഖലയാണ് ഹിജാസ് റെയിൽവേ. സിറിയയിലെ ദമസ്‌കസിനെ മുസ്‌ലിംകളുടെ വിശുദ്ധ നഗരമായ മദീനയുമായി ബന്ധിപ്പിക്കുന്നതിനായിരുന്നു ഇത് പ്രധാനമായും നിർമിച്ചത്. ഓട്ടോമൻ സുൽത്താനായിരുന്ന അബ്ദുൽ ഹമീദ് രണ്ടാമന്റെ ഉത്തരവനുസരിച്ച് 1900-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 1908-ൽ പാത മദീന വരെ എത്തിച്ചേർന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിം തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള ഹജ്ജ് യാത്ര സുഗമമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. മുമ്പ് മാസങ്ങളോളം ഒട്ടകപ്പുറത്ത് മരുഭൂമിയിലൂടെ നടത്തിയിരുന്ന ദുഷ്‌കരമായ യാത്ര ഇതോടെ ദിവസങ്ങൾക്കുള്ളിലായി ചുരുങ്ങി. കൂടാതെ, ഓട്ടോമൻ സാമ്രാജ്യത്തിന് തങ്ങളുടെ വിദൂര പ്രവിശ്യകളിലേക്ക് സൈന്യത്തെ വേഗത്തിൽ എത്തിക്കാനും ഇത് സഹായിച്ചു.
ദമസ്‌കസിൽ നിന്ന് ആരംഭിച്ച് ജോർദാൻ വഴി സൗദി അറേബ്യയിലെ മദീന വരെ നീളുന്നതായിരുന്നു ഈ റെയിൽവേ ലൈൻ. ഏകദേശം 1,300-ലധികം കിലോമീറ്റർ ദൈർഘ്യം ഇതിനുണ്ടായിരുന്നു. യഥാർത്ഥ പദ്ധതി പ്രകാരം ഇത് മക്ക വരെ നീട്ടാൻ ഉദ്ദേശിച്ചിരുന്നെങ്കിലും സാങ്കേതികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മദീനയിൽ നിർമാണം അവസാനിപ്പിക്കുകയായിരുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ റെയിൽവേ പാത വലിയ രീതിയിൽ ആക്രമിക്കപ്പെട്ടു. യുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെടുകയും മിഡിൽ ഈസ്റ്റിന്റെ ഭൂപടം മാറുകയും ചെയ്തതോടെ ഹിജാസ് റെയിൽവേയുടെ പ്രവർത്തനം പൂർണമായി നിലച്ചു. നിലവിൽ ഈ റെയിൽവേ പാതയുടെ ഭൂരിഭാഗവും തകർന്ന നിലയിലോ ഉപേക്ഷിക്കപ്പെട്ട നിലയിലോ ആണ്.
സൗദി അറേബ്യയിൽ ഇതിന്റെ ചരിത്രപരമായ അവശിഷ്ടങ്ങളും പഴയ സ്റ്റേഷനുകളും മ്യൂസിയങ്ങളായും വിനോദസഞ്ചാര കേന്ദ്രങ്ങളായും സംരക്ഷിച്ചുപോരുന്നുണ്ട്. ജോർദാൻ പോലുള്ള ചില രാജ്യങ്ങളിൽ ഇതിന്റെ ചെറിയ ചില ഭാഗങ്ങൾ ടൂറിസം ആവശ്യങ്ങൾക്കായി ഇന്നും പരിമിതമായി ഉപയോഗിക്കുന്നുണ്ട്.
Adjust Story Font
16
