ദ്വിരാഷട്ര ഫോർമുല: സൗദി നേതൃത്വത്തിലുള്ള സംഘം വെസ്റ്റ്ബാങ്കിലേക്ക്; തടയാനൊരുങ്ങി ഇസ്രായേൽ
തടഞ്ഞാൽ ഇസ്രായേൽ-അറബ് ബന്ധം കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ട്

റിയാദ്: ദ്വിരാഷ്ട്ര ഫോർമുല ചർച്ചക്കായി വെസ്റ്റ്ബാങ്കിലെത്തുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇസ്രായേൽ തടഞ്ഞേക്കും. ഫലസ്തീനിലേക്ക് വരാനിരിക്കുന്ന സംഘത്തെ, ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ തടയാനായൊരുങ്ങുന്നത്. തടഞ്ഞാൽ ഇസ്രായേൽ-അറബ് ബന്ധം കൂടുതൽ വഷളാകുമെന്നാണ് റിപ്പോർട്ടുകൾ.
ജൂണിൽ ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുലക്കായി പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. സൗദി, ഫ്രാൻസ് രാഷ്ട്രങ്ങൾ സംയുക്തമായാണ് ഈ സമ്മേളനം നടത്തുന്നത്. ഫ്രാൻസ് വേദിയിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫലസ്തീനെ അംഗീകരിക്കാൻ കൂടുതൽ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ഫലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി നാളെ വെസ്റ്റ്ബാങ്കിൽ സംഘം ചർച്ചക്കെത്തും. ഇത് തടയാനാണ് ഇസ്രായേലിന്റെ തീരുമാനം.
സംഘത്തിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ പങ്കെടുക്കുന്നില്ല. ഫലസ്തീൻ വിഷയത്തിൽ ഇടപെടുന്ന ഖത്തർ, ഈജിപ്ത്, ജോർദാൻ, യുഎഇ, തുർക്കി എന്നിവരുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘമാണ് എത്തുക. ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിലേക്കുള്ള വഴി അംഗീകരിക്കാനാകില്ലെന്നാണ് വിഷയത്തിൽ ഇസ്രായേലിന്റെ തീവ്രവാദ നിലപാട്. നീക്കം അറബ് രാഷ്ട്രങ്ങളുമായുള്ള സമവായ സാധ്യതകളെ കൂടുതൽ തടയും. ഗസ്സ യുദ്ധത്തോടെ സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഇസ്രായേൽ നയതന്ത്ര സാധ്യതകളും മങ്ങിയിരുന്നു.
Adjust Story Font
16

