നിരോധിത മരുന്നുമായി ഉംറക്കെത്തിയപ്പോൾ പിടിയിലായ മലയാളി ജയിൽ മോചിതനായി
മോചനം നാലു മാസത്തിന് ശേഷം

മക്ക: നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫക്കാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്. അയൽവാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നൽകാനായി കൊടുത്തുവിട്ട വേദനാസംഹാരിഗുളികയാണ് പ്രശ്‌നമായത്.
കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് കുടുംബത്തോടെ ജിദ്ദയിൽ പിടിയിലായത്. കസ്റ്റംസ് അധികൃതരാണ് സംശയത്തിന്റെ പേരിൽ പിടികൂടിയത്. പിന്നീട് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന് കൈമാറി. കുറ്റം തെളിഞ്ഞതോടെ നാലര മാസം ജയിലിൽ കഴിയേണ്ടി വന്നു. ഭാര്യയെയും രണ്ട് കുട്ടികളെയും നേരത്തെ വിട്ടയച്ചു. ഇവരെ പിന്നീട് സുഹൃത്തുക്കൾ ചേർന്ന് നാട്ടിലെത്തിച്ചു. ഒരു വർഷം എടുത്താണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയത്. ഇതോടെയാണിപ്പോൾ മുസ്തഫക്ക് നാട്ടിലേക്ക് പോവാൻ അവസരം ഒരുങ്ങുന്നത്.
Adjust Story Font
16

