Quantcast

ജൂലൈയിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ്; പ്രതിദിനം 1.88 ലക്ഷം ബാരൽ അധികമായി വിപണിയിലെത്തും

വീഡിയോ കോൺഫറൻസ് വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് 7 അം​ഗരാജ്യങ്ങളുടെ തീരുമാനം

MediaOne Logo

Web Desk

  • Published:

    7 Jun 2026 8:44 PM IST

OPEC+ increases production by 188,000 barrels per day in July
X

റിയാദ്: ആഗോള എണ്ണ വിപണിയിൽ സുസ്ഥിരത ഉറപ്പാക്കാൻ പ്രതിദിന എണ്ണ ഉൽപാദനത്തിൽ വർധനവ് വരുത്താൻ ഒപെക് പ്ലസ് (OPEC+). വീഡിയോ കോൺഫറൻസ് വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രതിദിനം 1,88,000 ബാരൽ അധികമായി ഉൽപാദിപ്പിക്കാൻ ധാരണയായത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, കസാക്കിസ്താൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. 2023 ഏപ്രിലിൽ പ്രഖ്യാപിച്ച ഉൽപാദന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പ്രഖ്യാപനം. ‌

ഇതനുസരിച്ച് വരുന്ന ജുലൈ മാസം മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഉൽപാദനം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്നും രാജ്യങ്ങൾ വ്യക്തമാക്കി. വിപണി സാഹചര്യം ആവശ്യപ്പെടുന്നുവെങ്കിൽ ഉൽപാദനം വീണ്ടും കൂട്ടാനോ, താൽക്കാലികമായി നിർത്താനോ, കുറയ്ക്കാനോ ഉള്ള പൂർണ സ്വാതന്ത്ര്യം സഖ്യത്തിനുണ്ടാകും. 2024 ജനുവരി മുതൽ നിശ്ചിത പരിധിയിൽ കൂടുതൽ എണ്ണ ഉൽപാദിപ്പിച്ച രാജ്യങ്ങൾ അതിന് പൂർണമായി നഷ്ട പരിഹാരം ചെയ്യണമെന്ന തീരുമാനം യോഗം ആവർത്തിച്ചു.

ഈ നഷ്ടപരിഹാര പ്ലാനുകൾ നടപ്പിലാക്കുന്നതിനുള്ള കാലാവധി 2026 ഡിസംബർ അവസാനം വരെ നീട്ടിയിട്ടുണ്ട്. കൂട്ടായ സഹകരണ പ്രഖ്യാപനങ്ങളോട് പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ അംഗരാജ്യങ്ങൾ, നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തി. വിപണിയിലെ മാറ്റങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിനായി ഇനി എല്ലാ മാസവും ഒപെക് പ്ലസ് രാജ്യങ്ങൾ യോഗം ചേരും. അടുത്ത യോഗം 2026 ജൂലൈ 5-ന് നടക്കും.

TAGS :

Next Story