മറ്റു വഴികൾ നോക്കിയേ പറ്റൂ... സൗദിയിൽ നിന്ന് യൂറോപ്പിലേക്ക് റെയിൽ പാത
പാത ജോർദാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങൾ വഴി

റിയാദ്: സൗദി അറേബ്യയെ ജോർദാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങൾ വഴി യൂറോപ്പിലേക്ക് ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിയുടെ പഠനം പൂർത്തിയാകുന്നു. കപ്പൽ ഗതാഗതം മുടങ്ങിയാലും അതിവേഗം ചരക്കുനീക്കം സാധ്യമാക്കാൻ പദ്ധതി ഗുണം ചെയ്യും. പദ്ധതി പൂർത്തിയായാൽ യൂറോപ്പിനെയും ഗൾഫിനെയും ബന്ധിപ്പിക്കുന്ന പാതയായി ഇതു മാറും. സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് അൽ ജാസറാണ് പഠനം പൂർത്തിയാകുന്നതായി അറിയിച്ചത്.
പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്: ദമ്മാമിൽ നിന്ന് റിയാദ് വഴി അൽജൗഫിലൂടെ ജോർദാൻ അതിർത്തിയായ ഹദീത്ത വരെ സൗദിക്ക് നിലവിൽ റെയിൽ പാതയുണ്ട്. ഇത് ജോർദാനിലെ റെയിലുമായി ബന്ധിപ്പിക്കും. ജോർദാൻ അവരുടെ റെയിൽ പാത സിറിയ വഴി തുർക്കി അതിർത്തിയിലേക്കെത്തിക്കും. തുർക്കിയിൽ നിന്ന് യൂറോപ്പിലേക്കും പാത നീളും. ജോർദാനും സിറിയയും തങ്ങളുടെ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന റെയിൽ പാതകളുടെ നവീകരണവും പുതിയ ട്രാക്കുകളുടെ നിർമാണവും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൽ സിറിയയിലെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്ത് തകർന്നടിഞ്ഞ ഗതാഗത സംവിധാനങ്ങളുടെ പുനർനിർമാണമാണ് പ്രധാന വെല്ലുവിളി. തുർക്കി തങ്ങളുടെ തെക്കൻ അതിർത്തിയിൽ നിന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് ഈ പാതയെ ബന്ധിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടി വരും.
സാങ്കേതികമായ ഒരേതരം ട്രാക്കുകളും സിഗ്‌നലിംഗ് സംവിധാനങ്ങളും എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്നത് വഴി തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ സാധിക്കും. നടപ്പായാൽ ഈ റെയിൽവേ ലിങ്ക് മിഡിൽ ഈസ്റ്റിലെ ഏറ്റവും തന്ത്രപ്രധാനമായ ഗതാഗത പദ്ധതികളിലൊന്നായി മാറും. ഗൾഫ് രാജ്യങ്ങളെ യൂറോപ്പുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കരമാർഗ്ഗമായി ഈ റെയിൽ പാത പ്രവർത്തിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തികമായും തന്ത്രപരമായും നിരവധി ഗുണങ്ങളാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നിലവിൽ കപ്പൽ മാർഗ്ഗമുള്ള ദീർഘദൂര ചരക്കുനീക്കത്തേക്കാൾ വേഗത്തിലും സുരക്ഷിതമായും കരമാർഗ്ഗം വ്യാപാരം നടത്താൻ ഇത് സഹായിക്കും. ഭാവിയിൽ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര യാത്രകൾ നടത്താനുള്ള സൗകര്യവും ഇത് ഒരുക്കും.
Adjust Story Font
16

