Quantcast

യമൻ, സുഡാൻ, സോമാലിയ ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ തുർക്കിയും സൗദിയും

സംയുക്ത പ്രസ്താവന പുറത്തിറക്കി

MediaOne Logo

Web Desk

  • Published:

    4 Feb 2026 11:14 PM IST

Turkey and Saudi Arabia oppose moves to overthrow the regimes of Yemen, Sudan, and Somalia
X

റിയാദ്: യമൻ, സോമാലിയ, സുഡാൻ എന്നിവിടങ്ങളിലെ ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ സൗദി അറേബ്യയും തുർക്കിയും രംഗത്ത്. മേഖലയിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്ന ചിലരുടെ നീക്കങ്ങൾ തടയണമെന്ന് ഇരുരാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടു. തുർക്കി പ്രസിഡണ്ടിന്റെ സൗദി സന്ദർശനത്തിനിടെയാണ് പ്രതികരണം. ഫലസ്തീൻ രാഷ്ട്രം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇരുവരും പ്രഖ്യാപിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഊഷ്മള സ്വീകരണമാണ് തുർക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉർദുഗാന് ഒരുക്കിയത്. സൗദിയുമായി ബന്ധം ഊഷ്മളമാക്കുന്നതായി അദ്ദേഹം പറഞ്ഞു. പിന്നാലെ മേഖലയിലെ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഒന്നിച്ചുള്ള പ്രസ്താവനകൾ പുറത്തിറക്കി. സുഡാനിലും യമനിലും സമാന്തര ഭരണകൂടത്തിന് ശ്രമിക്കുന്ന ഒരു ഗൾഫ് രാജ്യത്തിന്റെ നിലപാടിനെതിരെയായിരുന്നു പ്രസ്താവന. ഇത് മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കുമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

സിറിയയിൽ ഭരണസ്ഥിരത കൊണ്ടുവരാനുള്ള സൗദിയുടെ ശ്രമത്തെ ഉർദുഗാൻ പ്രശംസിച്ചു. സോമാലിയയെ പിളർത്തി സോമാലിലാന്റ് സൃഷ്ടിച്ചതിനെ തള്ളിയ ഇരുവരും, മേഖലയിലെ ഛിദ്രതകൾക്കെതിരെ ഒരുമിച്ച് നിൽക്കുമെന്ന് പറഞ്ഞു. യമനിലും സുഡാനിലും നിയമാനുസൃത ഭരണകൂടത്തിനെതിരെ വിഭജനക്കാർക്ക് പിന്തുണ നൽകുന്ന നീക്കങ്ങൾ പാടില്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഫലസ്തീൻ രാഷ്ട്ര വിഷയം സജീവമായി നിലനിർത്താനും ജെറുസലേം ആസ്ഥാനമായി രാഷ്ട്രത്തിനുള്ള നീക്കങ്ങൾക്കും ഇരുവരും ശ്രമങ്ങൾ തുടരുമെന്നും അറിയിച്ചു. ഇസ്രായേലിന്റെ ഗസ്സയിലെയും തുടരെയുള്ള അധിനിവേശത്തെ തടയാനുള്ള ശ്രമങ്ങളും സമ്മർദ്ദവും തുടരുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ഭിന്ന ചേരിയിൽ നിന്ന തുർക്കിയും സൗദിയും ഒരേ ചേരിയിലേക്ക് മാറുന്ന കൗതുകം ഈ സന്ദർശനത്തിലുണ്ട്. വീണ്ടും തുർക്കി സന്ദർശിക്കാനുള്ള ഉർദുഗാന്റെ ക്ഷണം സൗദി കിരീടാവകാശി സ്വീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി കരാറുകളും ഇരുവരും ഒപ്പുവെച്ചു.

TAGS :

Next Story