Quantcast

ബ്രെ‍ഡും നിലക്കടലയും പണി തരും; തൈറോയ്ഡ് രോ​ഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ ഇവയാണ്

നമ്മൾ അറിയാതെ പിന്തുടരുന്ന ചില ഭക്ഷണശീലങ്ങളാണ് തൈറോയ്ഡ് ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതിന് കാരണമാകുന്നത്

MediaOne Logo

ഹെൽത്ത് ഡെസ്ക്

  • Updated:

    2026-03-27 11:32:56.0

Published:

27 March 2026 4:43 PM IST

ബ്രെ‍ഡും നിലക്കടലയും പണി തരും; തൈറോയ്ഡ് രോ​ഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ ഇവയാണ്
X

നമ്മുടെ കഴുത്തിന് താഴെ ശാന്തമായി ഇരിക്കുന്ന, ഒരു ചെറിയ പൂമ്പാറ്റയുടെ ആകൃതിയിലുള്ളതാണ് തൈറോയ്ഡ് ​ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിയെ വെറുമൊരു അവയവമായി കാണരുത്. ശരീരത്തിന്റെ ഊർജ്ജനില മുതൽ ഹൃദയമിടിപ്പും മാനസികാവസ്ഥയും വരെ നിയന്ത്രിക്കുന്ന 'മാസ്റ്റർ സ്വിച്ച്' ആണ് ഈ ​ഗ്രന്ഥികളെന്നുപറയാം. എന്നാൽ ഇന്ന് പ്രായഭേദമന്യേ, പ്രത്യേകിച്ച് സ്ത്രീകളിൽ, തൈറോയ്ഡ് ​ഗ്രന്ഥിയുടെ പ്രവർത്തനം താളംതെറ്റുന്നത് ഒരു വലിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. പലപ്പോഴും നമ്മൾ കഴിക്കുന്ന മരുന്നുകളേക്കാൾ ഉപരിയായി, നമ്മൾ അറിയാതെ പിന്തുടരുന്ന ചില ഭക്ഷണശീലങ്ങളാണ് തൈറോയ്ഡ് ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതിന് കാരണമാകുന്നത്. T3, T4 ഹോർമോണുകളുടെ ഉത്പാദനത്തെയും ആഗിരണത്തെയും തടസ്സപ്പെടുത്തുന്ന ആറ് 'വില്ലൻ' ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാം.

1. വൈറ്റ് ബ്രെഡ് (ശുദ്ധീകരിച്ച മൈദ ഉൽപ്പന്നങ്ങൾ)

വെളുത്ത ബ്രെഡ്, ബിസ്കറ്റ് തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച മാവിൽ നാരുകളും പോഷകങ്ങളും തീരെയില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനത്തെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഹോർമോൺ കുറവുള്ളവരിൽ (Hypothyroidism) ഇത് ദഹനപ്രശ്നങ്ങളും അമിതവണ്ണവും ഉണ്ടാക്കാൻ കാരണമാകും. ഗോതമ്പ് ബ്രെഡ് അല്ലെങ്കിൽ തവിട് കളയാത്ത ധാന്യങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം.

2. നിലക്കടലയും ഡ്രൈ ഫ്രൂട്ട്‌സും

പ്രോട്ടീൻ സമ്പുഷ്ടമാണെങ്കിലും നിലക്കടലയിൽ ഗോയിട്രോജൻ (Goitrogens) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ നിർമ്മാണത്തെ നേരിട്ട് ബാധിക്കും. തൈറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ ദിവസവും നിലക്കടല കഴിക്കുന്നത് ഗ്രന്ഥിയുടെ കാര്യക്ഷമത കുറയ്ക്കാൻ ഇടയാക്കും. എന്നാൽ ബദാം, അണ്ടിപ്പരിപ്പ് എന്നിവ പരിമിതമായ അളവിൽ ഉപയോഗിക്കുന്നത് ഗുണകരമാണ്.

3. പാക്കറ്റ് ചിപ്‌സുകളും ജങ്ക് ഫുഡും

പാക്കറ്റുകളിൽ ലഭിക്കുന്ന ചിപ്‌സുകളിൽ ഉയർന്ന അളവിൽ അയോഡൈസ്ഡ് ഉപ്പും ട്രാൻസ് ഫാറ്റും അടങ്ങിയിട്ടുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, അമിതമായ ഉപ്പ് ശരീരത്തിലെ സ്വാഭാവികമായ അയോഡിൻ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാൻ ശരീരം പ്രധാനമായും ആശ്രയിക്കുന്ന ധാതുവാണ് അയോഡിൻ. ഇത്തരം ലഘുഭക്ഷണങ്ങൾ ശരീരഭാരം വർധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

4. ക്യാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി (ക്രൂസിഫറസ് പച്ചക്കറികൾ)

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളുടെ പട്ടികയിലാണ് ഇവയെങ്കിലും തൈറോയ്ഡ് രോഗികൾക്ക് ഇവയത്ര ​ഗുണകരമല്ല. ഇതിലെ തയോസയനേറ്റുകൾ ഹോർമോൺ അസന്തുലിതാവസ്ഥയ്‌ക്കോ തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനോ കാരണമാകാം. ഇവ പൂർണമായും ഒഴിവാക്കേണ്ടതില്ല, പകരം നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക. വേവിക്കുമ്പോൾ ഇതിലെ ഗോയിട്രോജനിക് ഗുണങ്ങൾ പകുതിയിലധികം കുറയുന്നു.

5. കഫീൻ പാനീയങ്ങൾ

തൈറോയ്ഡ് ഗുളിക കഴിച്ച ഉടനെ കാപ്പി കുടിക്കുന്നത് മരുന്നിന്റെ ഫലപ്രാപ്തി 50 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. കഫീൻ കുടലിലെ മരുന്നിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു. കൂടാതെ, കഫീൻ ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ ഉത്തേജിപ്പിക്കുകയും തൈറോയ്ഡ് മൂലം ഉണ്ടാകുന്ന ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു. മരുന്ന് കഴിച്ച് കുറഞ്ഞത് ഒരു മണിക്കൂർ കഴിഞ്ഞേ കാപ്പി കുടിക്കാവൂ.

6. സോയ ഉൽപ്പന്നങ്ങളും ടോഫുവും

സസ്യാഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കാൻ സോയ നല്ലതാണെങ്കിലും തൈറോയ്ഡ് രോഗികൾക്ക് ഇത് അത്ര നല്ലതല്ല. സോയയിലെ ഐസോഫ്ലേവോൺസ് തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ മന്ദീഭവിപ്പിക്കുകയും സിന്തറ്റിക് ഹോർമോൺ മരുന്നുകളുടെ ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും. മരുന്നിനും സോയ ഭക്ഷണങ്ങൾക്കും ഇടയിൽ കുറഞ്ഞത് 4 മണിക്കൂർ ഇടവേള നിർബന്ധമായും പാലിക്കണം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:

അമിതമായ ക്ഷീണം, പെട്ടെന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, മുടികൊഴിച്ചിൽ, ക്രമം തെറ്റിയ ആർത്തവം, അകാരണമായ വിഷാദം എന്നിവ തൈറോയ്ഡ് തകരാറിന്റെ ലക്ഷണങ്ങളാകാം. കൃത്യമായ പരിശോധനയിലൂടെയും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും തൈറോയ്ഡ് പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് മറികടക്കാം.

മരുന്നിനോടൊപ്പം തന്നെ നാം കഴിക്കുന്ന ഓരോ നേരത്തെ ഭക്ഷണവും നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. കൃത്യമായ ഇടവേളകളിൽ ലാബ് പരിശോധനകൾ നടത്തി ഡോക്ടറുടെ നിർദേശാനുസരണം ജീവിതശൈലി ക്രമീകരിക്കുക എന്നതാണ് തൈറോയ്ഡ് നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച വഴി.

TAGS :

Next Story