'രാഷ്ട്രപതിക്ക് നൽകിയ ശുചിമുറിയിൽ വെള്ളമില്ല, വഴിയിലുടനീളം മാലിന്യം, സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല': റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി
ഇന്ന് വൈകുന്നേരം 5 മണിക്കകം മറുപടി സമർപ്പിക്കാനായിരുന്നു നിർദേശം

- Updated:
2026-03-08 15:34:17.0

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, പരിപാടിയിൽ ഉണ്ടായ വീഴ്ചകളെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ. രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ളവർ എത്താത്തിൽ ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയില്ലെന്നും ഇത് രാജ്യത്തിന്റെ പരമോന്നത പദവിയോടുള്ള അനാദരവാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഇതിന് പിന്നാലെയാണ് പുതിയ ആരോപണം. രാഷ്ട്രപതിക്ക് അനുവദിച്ച ശുചിമുറിയിൽ വെള്ളമുണ്ടായിരുന്നില്ലെന്നും വഴിയിലുടനീളം മാലിന്യം തള്ളിയെന്നുമാണ് വിമർശനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഇതുൾപ്പെടെ നാലുകാര്യങ്ങൾ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത് എന്നാണ് വിവരം. സുരക്ഷാ വീഴ്ചകൾ അടക്കം ചൂണ്ടിക്കാട്ടി. ഇന്ന് വൈകുന്നേരം 5 മണിക്കകം മറുപടി സമർപ്പിക്കാനായിരുന്നു നിർദേശം.
രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ എന്തുകൊണ്ട് എത്തിയില്ല?, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളമില്ലാതിരുന്നത് എന്ത് കൊണ്ട്, വഴിയിലെ മാലിന്യം കൊണ്ട് നിറഞ്ഞിരുന്നു, ഇതിൽ ഉത്തരവാദികളായ ഡാർജിലിംഗ് ജില്ലാ മജിസ്‌ട്രേറ്റ്, സിലിഗുരി പൊലീസ് കമ്മീഷണർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
ബംഗാളിൽ പങ്കെടുത്ത പരിപാടിയിലെ ക്രമീകരണങ്ങളിൽ പ്രസിഡന്റ് ദ്രൗപതി മുർമു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സന്ദർശന വേളയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിലും അതൃപ്തി രേഖപ്പെടുത്തി. വേദി മാറ്റവും പരിപാടിയിലെ കുറഞ്ഞ ജനപങ്കാളിത്തവും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. "ആളുകൾക്ക് വരാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്താണ് ഇന്നത്തെ പരിപാടി നടക്കുന്നത്. ഒരുപക്ഷേ സംസ്ഥാന സർക്കാരിന് ആദിവാസികളുടെ ക്ഷേമം വേണ്ടായിരിക്കാം, അതുകൊണ്ടാണ് അവർ ഇവിടെ വരാതിരുന്നത്" രാഷ്ട്രപതി പറഞ്ഞു.
എന്നാൽ, ബംഗാളിലെ പ്രധാന പ്രതിപക്ഷമായ ബിജെപി രാജ്യത്തിന്റെ പരമോന്നത പദവി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് മമത ബാനർജിയുടെ ആരോപണം.
Adjust Story Font
16
