'മുസ്ലിം പേരുകള്‍ ലക്ഷ്യമിട്ട് നീക്കം': യുപി എസ്ഐആറിലെ ഗുരുതര പിഴവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ 10,470 എൻട്രികളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ തന്നെ വ്യക്തമാക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ പിലിഭിത് അസംബ്ലി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ). സംഭവത്തിൽ രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും (ഇആര്‍ഒ) ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനുമെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ 10,470 എൻട്രികളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ തന്നെ വ്യക്തമാക്കി. മൂന്ന് പേർക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
'ഫൈസാൻ ഖാൻ' എന്ന പേര് 'റയീസ് അലി' എന്ന് മാറ്റിയതടക്കം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് (EPIC) നമ്പറുകളിലും മറ്റ് വിവരങ്ങളിലും മാറ്റം വരുത്താതെയാണ് പേരുകൾ വ്യാജമായി തിരുത്തിയത്.
വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലെ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ സേവനവും അവസാനിപ്പിച്ചു. മെയ് 31നും ആഗസ്റ്റ് 29 നും ഇടയിൽ വോട്ടർ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനായി കമ്പ്യൂട്ടർ അസിസ്റ്റന്റ് 13,779 ഫോം-8 അപേക്ഷകൾ എൻട്രി ചെയ്തിരുന്നു. എന്നാൽ ഇതിനുള്ള യാതൊരുവിധ രേഖകളും ഓഫീസിൽ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ടതിൽ 10,470 ഫോമുകൾ അടിയന്തരമായി അംഗീകരിക്കപ്പെടുകയും, ഇതിലെല്ലാം വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
ഏപ്രിലിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയ്ക്ക് ശേഷവും എപിക് നമ്പറുകളിൽ വ്യത്യസ്ത പേരുകൾ വരുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. സമാജ്വാദി പാർട്ടിയും കോൺഗ്രസും വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്ഐആര്‍ നടപടികൾക്ക് ശേഷവും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, ഭൂരിഭാഗം പേരുകളും മാറ്റപ്പെട്ടത് മുസ്ലീം വോട്ടർമാരുടേതാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പിഴവുകൾ ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് സി.ഇ.ഒ നവ്ദീപ് റിൻവ അറിയിച്ചു.
Adjust Story Font
16

