Quantcast

എസ്ഐആർ സമ്മർദവും ഭയവും മൂലം ബംഗാളിൽ 110 പേരാണ് ആത്മഹത്യ ചെയ്തത്: മമത ബാനർജി

'അയൽക്കാരന്റെ വീട് കത്തിനശിക്കുമ്പോൾ എന്റെ വീട് സുരക്ഷിതമാണെന്നു കരുതി ഞാൻ മൗനം പാലിക്കില്ല'.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-23 16:20:33.0

Published:

23 Jan 2026 7:31 PM IST

110 dead due to SIR in Bengal says Mamata
X

കൊൽക്കത്ത: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സൃഷ്ടിച്ച സമ്മർദവും ഭയവും മൂലം സംസ്ഥാനത്ത് ദിവസവും മൂന്നോ നാലോ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതുവരെ 110 പേരാണ് ബം​ഗാളിൽ ഇത്തരത്തിൽ മരിച്ചതെന്നും മമത പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരുമാണ് ഈ മരണങ്ങൾക്ക് ഉത്തരവാദിയെന്നും മമത കുറ്റപ്പെടുത്തി.

മരണവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് കമ്മീഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും മമത ചോദിച്ചു. 110ലേറെ പേർ മരിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഈ മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം- മമത ആവശ്യപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

'ആര് അധികാരത്തില്‍ വരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പകരം ജനങ്ങൾ തീരുമാനിക്കുക എന്നതായിരുന്നു മുമ്പ് നിയമം. ഇപ്പോള്‍, ആരെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതാണിത്'- മമത ആരോപിച്ചു.

'എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണം. അയൽക്കാരന്റെ വീട് കത്തിനശിക്കുമ്പോൾ എന്റെ വീട് സുരക്ഷിതമാണെന്നു കരുതി ഞാൻ മൗനം പാലിക്കില്ല. എന്റെ പ്രദേശത്തെ ആളുകൾ അസന്തുഷ്ടരാണെങ്കിൽ എനിക്ക് സന്തോഷത്തോടെ ജീവിക്കാനാവില്ല'- മമത കൂട്ടിച്ചേർത്തു. എസ്‌ഐആർ മൂലമുള്ള വോട്ടർമാരുടെ ദുരവസ്ഥയും അവർ ചൂണ്ടിക്കാട്ടി.

'എസ്ഐആറിലൂടെ ജനങ്ങളെ ഉപദ്രവിക്കുന്നത് ആരും മറക്കരുത്. ദിവസവും അഞ്ചാറ് മണിക്കൂർ ക്യൂവിൽ നിൽക്കാൻ അവരെ നിർബന്ധിക്കുന്നു. കരട് പട്ടിക പുറത്തിറങ്ങിയതിനു ശേഷം ബംഗാളിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഈ പ്രശ്നമില്ല'- മമത ആരോപിച്ചു.

എസ്‌ഐആറിനെക്കുറിച്ച് പുസ്തകവും ഒരു കൂട്ടം കവിതകളും എഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു. 'ഞാൻ ഇതുവരെ 153 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഒമ്പത് എണ്ണം കൂടി പുറത്തിറങ്ങും. അവയിലൊന്ന് എന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചാണ്. മറ്റൊന്ന് എസ്‌ഐആറിന്റെ പീഡനത്തെക്കുറിച്ചാണ്. ഈ വർഷം 26 മുതൽ, എസ്‌ഐആർ എന്ന പേരിൽ 26 കവിതകൾ ഞാൻ എഴുതിയിട്ടുണ്ട്'- മമത കൂട്ടിച്ചേർത്തു.

TAGS :

Next Story