നീറ്റ് പരീക്ഷ റദ്ദാക്കിയത് മെയ് പന്ത്രണ്ടിന്; 37 ദിവസത്തിനിടെ 12 വിദ്യാര്‍ത്ഥി ആത്മഹത്യകള്‍
പുനഃപരീക്ഷ എഴുതാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്ന് ഭൂരിഭാഗം പേരും ബന്ധുക്കളെ അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 12 വിദ്യാര്‍ത്ഥികള്‍. 37 ദിവസത്തിനിടെയാണ് ഇത്രയധികം വിദ്യാർത്ഥികൾ രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇവരില്‍ ഏഴ് പേരുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പുകൾ കണ്ടെത്തിയിരുന്നു. പുനഃപരീക്ഷ എഴുതാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നാണ് ഭൂരിഭാഗം പേരും ആത്മഹത്യ കുറിപ്പുകളില്‍ എഴുതിയിരുന്നത്.
പരീക്ഷ റദ്ദാക്കിക്കൊണ്ട് മെയ് 12ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കിയ ഉത്തരവാണ് വിദ്യാര്‍ത്ഥികളെ ആകമാനം പ്രതിസന്ധിയിലാക്കിയത്.
പരീക്ഷ എഴുതിയതിന് ശേഷം വലിയ ആത്മവിശ്വാസവും സന്തോഷവും പ്രകടിപ്പിച്ച മക്കളെയാണ് നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതോടെ മക്കള്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഹോക്കി താരം കൂടിയായ 17 വയസുകാരനാണ് ഗോവയില്‍ ആത്മഹത്യ ചെയ്തത്. പൊലീസ് പറയുന്നത് പ്രകാരം, മെയ് പന്ത്രണ്ടാം തീയതി രാത്രി 10നും 11നും ഇടയിലാണ് 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഇനി ഒരു മത്സരപരീക്ഷയും എഴുതാന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു 17കാരന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.
ജൂണ്‍ 16നാണ് ഉത്തരാഖണ്ഡില്‍ 24കാരിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ മാതാപിതാക്കളോടുള്ള ക്ഷമാപണമായിരുന്നു ഉണ്ടായിരുന്നത്. തന്റെ കഴിവുകേടാണ് ഇതിനെല്ലാം കാരണമെന്നും കുറിപ്പിൽ എഴുതിയിരുന്നു.
ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയാണ് ഗുജറാത്തിലെ 17കാരന്‍ ജീവനൊടുക്കിയത്. ജൂണ്‍ 18നാണ് 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീറ്റ് പരീക്ഷക്ക് പുറമെ വിദ്യാര്‍ത്ഥി ഫാര്‍മസി കോഴ്സിനും അപേക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
തമിഴ്നാട്ടില്‍ 19 വയസുകാരായ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും കടുത്ത സമ്മര്‍ദത്തില്‍ ആയിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. പുനഃപരീക്ഷ എഴുതാന്‍ ഭയമുണ്ടെന്ന് ബന്ധുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന് ശേഷമാണ് 19കാരി ആത്മഹത്യ ചെയ്തത്.
മെയ് 20നാണ് മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ 18കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂരിലെ നീറ്റ് കോച്ചിങ് സെന്ററിലായിരുന്നു വിദ്യാര്‍ത്ഥിയുടെ പഠനം. എന്നാല്‍ തന്റെ പഠനത്തിനായി രക്ഷിതാക്കള്‍ മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്ന വിവരമറിയാവുന്ന പെണ്‍കുട്ടി നീറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശില്‍ 19 വയസുള്ള പെണ്‍കുട്ടിയും 21കാരനുമാണ് ജീവനൊടുക്കിയത്. നാല് വര്‍ഷത്തെ അധ്വാനം ഒന്നുമല്ലാതായെന്ന ദുഃഖം മകനെ അലട്ടിയിരുന്നുവെന്ന് 21കാരന്റെ മാതാപിതാക്കള്‍ പറയുന്നു. റദ്ദാക്കിയ പരീക്ഷ നന്നായി എഴുതിയിരുന്നുവെന്ന മകളുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകളാണ് യുപിയിലെ 19കാരിയുടെ പിതാവ് ഓര്‍ത്തെടുക്കുന്നത്.
ഇത് അവസാനത്തെ ശ്രമമാണെന്ന് മകള്‍ നേരത്തെ പറഞ്ഞിരുന്നതായി ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 20കാരിയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ വെറും നാല് മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് 20കാരിക്ക് നീറ്റ് നഷ്ടമായത്. അതിനാല്‍ ഇത്തവണ വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ 18 വയസുകാരിയായ പരീക്ഷാര്‍ത്ഥി ജീവനൊടുക്കിയത്. മികച്ച പ്രകടനം നടത്തിയിട്ടും പരീക്ഷ റദ്ദാക്കിയത് മകളെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
നിലവില്‍ രാജ്യത്തെ വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സംവിധാനങ്ങളുടെ വീഴ്ച മൂലം രാജ്യത്തെ സാധാരണക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നഷ്ടമാകുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് പാർട്ടി വീണ്ടും ഡൽഹിയിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നുമാണ് സിജെപിയുടെ ആവശ്യം.
Adjust Story Font
16

