വ്യാജമദ്യം കഴിച്ച് പൂനെയിൽ 14 മരണം; എട്ടുപേര്‍ പിടിയില്‍
മെഥനോൾ കലർന്ന വ്യാജമദ്യമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

- Published:
30 May 2026 2:56 PM IST

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലും പിംപ്രി ചിഞ്ച്‌വാഡിലുമായി വ്യാജമദ്യം കഴിച്ച് 14 പേർ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മദ്യക്കടത്തുകാരൻ ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിംപ്രി ചിഞ്ച്‌വാഡിലെ ഫുഗേവാഡിയിൽ പത്തുപേരും, പൂനെ നഗരത്തിലെ ഹദപ്‌സർ ഏരിയയിലുള്ള പന്ധാരേ മാലയിൽ നാലുപേരുമാണ് മരണപ്പെട്ടത്. വിഷമദ്യം കഴിച്ച് അബോധാവസ്ഥയിലായ അഞ്ചിലധികം ആളുകൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പാണ്ഡുരംഗ് സഖാറാം ഫുഗെ (53), അക്ബർ അസിംഖാൻ പഠാൻ (48), രാജേഷ് ശാന്താറാം രാജ്പുത് (50), ആനന്ദ് പന്ദേരാവോ ദേശായി (53), ആനന്ദ് കാശിനാഥ് നിക്കൽജെ (64), ഭീമണ്ണ ബസണ്ണ നാഗരാൽ (27), അക്ഷയ് അശോക് അവസർമൽ (28), സച്ചിൻ രാമചന്ദ്ര നെത്കെ (36), സുരപ്പ മനപ്പ ബംഗാരി (55), രാജു റാത്തോഡ് (34) എന്നിവരാണ് മരിച്ചത്.മദ്യം കഴിച്ചതിന് ശേഷം ഇവർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ മെഥനോൾ കലർന്ന വ്യാജമദ്യമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി സാമ്പിളുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. മരണപ്പെട്ടവർ പന്ധാരേ മാല പ്രദേശത്തുള്ള ആകാശ് ജാദവിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഹദപ്‌സർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സഞ്ജയ് മൊഗാലെ പറഞ്ഞു.
കേസിൽ മുഖ്യ പ്രതിയായ യോഗേഷ് വാങ്കഡെ, കർണൽസിംഗ് വിർക എന്നിവരുൾപ്പെടെ എട്ട് പേരെ എക്സൈസും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസിന്റെ അന്വേഷണം ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
വ്യാജമദ്യ വിതരണത്തിന് പിന്നിലെ മുഴുവൻ മാഫിയ നെറ്റ്‌വർക്കും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
Adjust Story Font
16
