Quantcast

ഗുജറാത്ത് തീരത്ത് വന്‍ലഹരിവേട്ട; 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    14 April 2025 1:19 PM IST

ഗുജറാത്ത് തീരത്ത് വന്‍ലഹരിവേട്ട; 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
X

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് നിന്ന് 1800 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകള്‍ പിടികൂടി. ഗുജറാത്ത് തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (ഐഎംബിഎല്‍) നിന്നായിരുന്നു ലഹരിവേട്ട. ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.

കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ കണ്ടയുടന്‍ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാര്‍ സമുദ്രാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു. കടലില്‍നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'മയക്കുമരുന്ന് രഹിത ഭാരതം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്. അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യന്‍ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

ഗുജറാത്ത് തീരത്ത് സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 12, 13 തീയതികളിലെ രാത്രിയിലാണ് സംയുക്ത ഓപ്പറേഷന്‍ നടത്തിയതെന്ന് കോസ്റ്റ്ഗാര്‍ഡിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു. മെത്താഫെറ്റമൈന്‍ എന്ന ലഹരിവസ്തുവാണ് പിടികൂടിയതെന്നാണ് സംശയിക്കുന്നത്.

TAGS :

Next Story