'അന്ന് ഹിമാലയത്തിൽ കറുത്ത മഴപെയ്തു'; 1991ലെ കുവൈത്ത് യുദ്ധത്തിൽ ഇന്ത്യയിൽ സംഭവിച്ചത്
1991ലെ കുവൈത്ത് യുദ്ധം കേവലം ഒരു യുദ്ധമായിരുന്നില്ല, ഇന്ത്യയുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും ബാധിച്ച ഒരു ദുരന്തം കൂടിയായിരുന്നു

- Published:
3 May 2026 2:41 PM IST

1991ന്റെ തുടക്കം. ലോകം മുഴുവൻ ഗൾഫ് യുദ്ധത്തിന്റെ ഭീതിയിലായിരുന്നു. എന്നാൽ ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം, ഹിമാലയത്തിന്റെ മടിത്തട്ടിലെ ഗ്രാമങ്ങളിൽ ആ യുദ്ധം അത്രമേൽ ഭീകരമായ ഒന്നായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷെ, ഒരു പ്രഭാതത്തിൽ പ്രകൃതി കാത്തുവെച്ചത് കണ്ടു ആ പർവ്വതനിരകൾ അമ്പരന്നുപോയി.
പതിവുപോലെ ശുഭ്രവസ്ത്രമണിഞ്ഞു നിൽക്കുന്ന ഹിമാലയൻ കൊടുമുടികളിലേക്ക് ആകാശത്തുനിന്നും പെയ്തിറങ്ങിയത് വെളുത്ത മഞ്ഞായിരുന്നില്ല; പകരം കറുത്ത നിറത്തിലുള്ള, എണ്ണമയമുള്ള ഒരു വിചിത്രമായ മഴയായിരുന്നു. മഞ്ഞുമലകളുടെ വിശുദ്ധിക്ക് മേൽ ആരോ കറുത്ത മഷി ഒഴിച്ചതുപോലെ ആ പ്രദേശം മുഴുവൻ ഇരുണ്ടുപോയി. ഗ്രാമവാസികൾ പരിഭ്രമിച്ചു. ഗംഗ നദിയുടെ ഉത്ഭവസ്ഥാനങ്ങളിൽ പോലും കറുത്ത നിറത്തിലുള്ള ജലം ഒഴുകാൻ തുടങ്ങി. ഇത് ഒരു ദുസൂചനയാണെന്ന് വിശ്വസിച്ച് പലരും പ്രാർത്ഥനകളിലായി.
യഥാർഥത്തിൽ, ഈ പ്രതിഭാസത്തിന് പിന്നിൽ മനുഷ്യന്റെ യുദ്ധക്കൊതിയുടെ ഒരു വലിയ കഥയുണ്ടായിരുന്നു. കുവൈത്തിൽ നിന്നും പിൻവാങ്ങുന്ന ഇറാഖി സൈന്യം അവിടുത്തെ എഴുനൂറിലധികം എണ്ണക്കിണറുകൾക്ക് തീയിട്ടിരുന്നു. ആളിപ്പടരുന്ന തീയിൽ നിന്നും ഉയർന്ന കറുത്ത പുകയും കരിയും അന്തരീക്ഷത്തിന്റെ മുകളിലത്തെ പാളികളിൽ എത്തി. ഈ വിഷപ്പുക കാറ്റിന്റെ ഗതിക്കനുസരിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് ഇറാൻ, തുർക്കി എന്നിവിടങ്ങൾ കടന്ന് ഒടുവിൽ ഹിമാലയത്തിന്റെ നെറുകയിൽ എത്തിച്ചേർന്നു.
അന്തരീക്ഷത്തിലെ ഈർപ്പവുമായി ചേർന്ന കരിയും എണ്ണമയവും മഴത്തുള്ളികളായി താഴേക്ക് പതിച്ചപ്പോൾ അത് പ്രകൃതിയുടെ മേൽ വീണ കറുത്ത പാടായി മാറി. ഹിമാലയത്തിലെ മഞ്ഞുപാളികൾ ഈ കരി വലിച്ചെടുത്തതോടെ അവ കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്യാനും വേഗത്തിൽ ഉരുകാനും കാരണമായി. ഇത് പ്രാദേശികമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വഴിതെളിച്ചു.
ഹിമാലയത്തിൽ പെയ്ത ആ കറുത്ത മഴ വെറുമൊരു പ്രകൃതി പ്രതിഭാസമല്ലായിരുന്നു. യുദ്ധങ്ങൾ ഒരു ഭൂഖണ്ഡത്തിൽ ഒതുങ്ങിനിൽക്കുന്നതല്ലെന്നും, അത് ലോകത്തിന്റെ ഏത് കോണിലുള്ള ജീവജാലങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുമെന്നും ആ കറുത്ത മഴ മാനവരാശിയെ ഓർമിപ്പിച്ചു. ഹിമാലയത്തിലെ വെളുത്ത മഞ്ഞിനു മേൽ വീണ ആ കറുത്ത കറകൾ, മനുഷ്യന്റെ വിനാശകരമായ പ്രവർത്തികൾ പ്രകൃതിക്ക് നൽകുന്ന ആഴത്തിലുള്ള മുറിവുകളുടെ അടയാളമായി ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1990 ആഗസ്റ്റ് 2ന് സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖി സൈന്യം അയൽരാജ്യമായ കുവൈത്തിനെ ആക്രമിച്ചതോടെയാണ് ഗൾഫ് യുദ്ധത്തിന് തുടക്കമായത്. കുവൈത്ത് ഇറാഖിന്റെ എണ്ണ മോഷ്ടിക്കുന്നു എന്ന ആരോപണവും സാമ്പത്തിക പ്രതിസന്ധികളുമായിരുന്നു ഈ അധിനിവേശത്തിന് പിന്നിലുണ്ടായിരുന്ന പ്രധാന കാരണങ്ങൾ. എന്നാൽ ഇതിനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ 42 രാജ്യങ്ങൾ അണിനിരന്ന സഖ്യസേന ശക്തമായി തിരിച്ചടിച്ചു.
സഖ്യസേനയുടെ 'ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം' എന്ന സൈനിക നീക്കത്തിന് മുന്നിൽ ഇറാഖി സൈന്യത്തിന് പിടിച്ചുനിൽക്കാനായില്ല. പരാജയം ഉറപ്പായതോടെ കുവൈത്തിൽ നിന്നും പിൻവാങ്ങാൻ നിർബന്ധിതരായ ഇറാഖി സൈന്യം, കുവൈറ്റിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അവിടുത്തെ 750ഓളം എണ്ണക്കിണറുകൾക്ക് തീയിട്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക യുദ്ധക്കുറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
Adjust Story Font
16
