Quantcast

തെലങ്കാനയിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച 20 പേർ ഇതര പാർട്ടികളിൽ നിന്നെത്തിയവർ

40 മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളില്ലാത്തതിനാൽ കോൺഗ്രസ് ആശങ്കയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-04 14:14:05.0

Published:

4 Dec 2023 12:26 PM GMT

20 people who won on Congress ticket in Telangana came from other parties - BRS, BJP, TDP
X

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച 20 പേർ ഇതര പാർട്ടികളിൽ നിന്നെത്തിയവർ. ആകെ ജയിച്ച 64 സ്ഥാനാർഥികളിൽ ചുരുങ്ങിയത് 20 പേരെങ്കിലും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) , ബിജെപി എന്നീ പാർട്ടികളിൽ നിന്ന് കഴിഞ്ഞ അഞ്ച് മാസത്തിനിടെയെത്തിയവരാണ്. ചിലർ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതിക്ക് കുറച്ചു ദിവസം മുമ്പ് എത്തിയവരും. സിയാസത്‌ഡോട്‌കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയതത്.

40 മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളില്ലാത്തതിനാൽ കോൺഗ്രസ് ആശങ്കയിലായിരുന്നു. എന്നാൽ ബിആർഎസ്സിൽനിന്നും ബിജെപിയിൽനിന്നും നേതാക്കളെത്തിയതോടെ പാർട്ടിയുടെ ആശങ്ക തീർന്നു. ബിആർഎസ്സിൽനിന്ന് അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് 45 ദിവസം മുമ്പേ, ആഗസ്തിൽ ബിആർഎസ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. മിക്ക സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകി. ഇതോടെ സീറ്റ് നിഷേധിക്കപ്പെട്ട ബിആർഎസ് നേതാക്കൾ കോൺഗ്രസിൽ ചേക്കേറി. മുൻ മന്ത്രിമാരായ ജുപ്പള്ളി കൃഷ്ണ റാവു, തുമ്മല നാഗേശ്വര റാവു, മുൻ എംപിമാരായ പൊൻഗുലേടി ശ്രീനിവാസ് റെഡ്ഡി, ജി. വിവേക്, കെ രാജഗോപാൽ റെഡ്ഡി തുടങ്ങിയവർ ബിആർഎസ്സിൽനിന്നും ബിജെപിയിൽനിന്നും എത്തി വിജയം കൊയ്ത കോൺഗ്രസ് സ്ഥാനാർത്ഥികളാണ്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അണിനിരത്തിയ 118 സ്ഥാനാർത്ഥികളിൽ 30 പേർ ഈയിടെ പാർട്ടിയിൽ ചേർന്നവരായിരുന്നു. ഇവരിൽ പത്ത് പേർക്കാണ് ലക്ഷ്യം കാണാനാകാതിരുന്നത്. അവിഭക്ത ഖമ്മം ജില്ലയിലാണ് പാർട്ടി വിട്ടെത്തിയവർ കൂടുതൽ വിജയിച്ചത്. 2018ലും പത്ത് സീറ്റിൽ ആറിലും കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ബിആർഎസ്സിൽ ചേക്കേറി. രണ്ട് തെലുങ്ക് ദേശം പാർട്ടി എംഎൽഎമാരും ഭരണപക്ഷത്തേക്ക് മാറി.

ഖമ്മത്തെ മുൻ എംപി ശ്രീനിവാസ് റെഡ്ഡിയാണ് ആദ്യം കോൺഗ്രസിൽ ചേർന്നയാൾ. കർണാടകയിലെ കോൺഗ്രസ് വിജയത്തെ തുടർന്നാണ് ഇദ്ദേഹം കളം മാറിയത്. നിലവിൽ പലെയ്ർ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്. തുമ്മല നാഗേശ്വര റാവു (ഖമ്മം), കെ കനകൈക (യെല്ലനാഡു), പി വെങ്കിടേശ്വരലു (പിനാപക), ജെ. അദിനാരായണ (അശ്വരോപേട്), എം രാഘമായീ (സാതുപള്ളി) എന്നിവരാണ് ബിആർഎസ്സിൽ നിന്നെത്തി ജയിച്ചവരിൽ ചിലർ. ആദ്യ ബിആർഎസ് സർക്കാറിൽ മന്ത്രിയായിരുന്നു നാഗേശ്വര റാവു. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സെപ്തംബറിലാണ് അദ്ദേഹം പാർട്ടി വിട്ടത്. നേരത്തെ ടിഡിപി നേതാവായിരുന്ന ഇദ്ദേഹം അവിഭക്ത ആന്ധ്രപ്രദേശിലും മന്ത്രിയായിരുന്നു. ഖമ്മത്ത് ഗതാഗത മന്ത്രി പി അജയ്കുമാറിനെ 49,000 വോട്ടിനാണ് നാഗേശ്വര തോൽപ്പിച്ചത്.

മുൻ മന്ത്രി ജുപല്ലി കൃഷ്ണ റാവു ജൂലൈയിലാണ് ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്നത്. സസ്‌പെൻഷനെ തുടർന്ന് പാർട്ടി വിട്ട ഇദ്ദേഹം കൊല്ലാപൂരിൽ വിജയിച്ചു കയറി. ടിആർഎസ് വിട്ട ടി മേഘ റെഡ്ഡി, കാസിറെഡ്ഡി നാരായണ റെഡ്ഡി, കെ രാജേഷ് റെഡ്ഡി എന്നിവരും ബിജെപി വിട്ട വൈ ശ്രീനിവാസ് റെഡ്ഡിയും കോൺഗ്രസ് ടിക്കറ്റിൽ വിജയം കണ്ടു. അവസാന നിമിഷം ബിജെപി വിട്ടെത്തിയ മുൻ എംപി ജി വിവേകും മുനുഗോഡ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് വീണ്ടും തിരിച്ചെത്തിയ കെ രാജഗോപാൽ റെഡ്ഡിയും ജയിച്ചു. മുൻ ടിഡിപി നേതാവ് റെവൂരി പ്രകാശ് റെഡ്ഡിയും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. എന്നാൽ കോൺഗ്രസിനായി സഹീറാബാദിൽ മത്സരിച്ച മുൻ ബിജെപി നേതാവ് എ ചന്ദ്രശേഖർ പരാജയപ്പെട്ടു.

20 people who won on Congress ticket in Telangana came from other parties - BRS, BJP, TDP

TAGS :

Next Story