തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 മരണം, മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്ക
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്. രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്. പത്ത് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. സ്ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സ്ഫോടനം നടന്നപ്പോൾ പത്ത് കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സ്ഫോടനം നടക്കുമ്പോൾ അമ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ആദ്യ സ്ഫോടനത്തിന് ശേഷവും പടക്കം പൊട്ടിക്കൊണ്ടിരുന്നത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഗോവിന്ദനല്ലൂര്‍ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയര്‍ വര്‍ക്ക്‌സ്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും അപകടത്തിൽ അനുശോചിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
Adjust Story Font
16

