'ശുചിമുറിയില്ല, അവധിയില്ല, കടുത്ത മാനസിക സമ്മർദ്ദവും'; 20 ലക്ഷം ശമ്പളമുള്ള സർക്കാർ ജോലി ഉപേക്ഷിച്ച് 25കാരൻ
പ്രശസ്തമായ എൻഐടി കുരുക്ഷേത്രയിലെ പഠനത്തിന് ശേഷമാണ് കഠിനമായ മത്സരപരീക്ഷകൾ പാസായി ഇരുപത്തിരണ്ടാം വയസിൽ സൗരഭ് ബിപിസിഎല്ലിൽ ജോലിക്ക് കയറുന്നത്

സിലിഗുരി: ഇന്ത്യയിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കുക എന്നത് വലിയൊരു കരിയർ നേട്ടമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സുരക്ഷിതത്വം, ആകർഷകമായ ശമ്പളം, സാമൂഹികമായ പദവി എന്നിവ നൽകുന്ന ഇത്തരം സർക്കാർ ജോലികൾക്കായി ലക്ഷക്കണക്കിന് യുവാക്കളാണ് മത്സരിക്കുന്നത്. എന്നാൽ, സമീപകാലത്തായി ഇത്തരം തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും യുവതലമുറയുടെ ചിന്താഗതി മാറ്റുകയാണ്. ഇതിന് അടിവരയിടുന്നതാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (BPCL) പ്രതിവർഷം 20 ലക്ഷം രൂപ പാക്കേജുള്ള ഉയർന്ന ജോലി വേണ്ടെന്നുവെച്ച സൗരഭ് മിത്തൽ എന്ന 25കാരനായ എഞ്ചിനീയറുടെ അനുഭവം.
പ്രശസ്തമായ എൻഐടി കുരുക്ഷേത്രയിലെ പഠനത്തിന് ശേഷമാണ് കഠിനമായ മത്സരപരീക്ഷകൾ പാസായി ഇരുപത്തിരണ്ടാം വയസിൽ സൗരഭ് ബിപിസിഎല്ലിൽ ജോലിക്ക് കയറുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും അവൻ ജീവിതത്തിൽ രക്ഷപെട്ടു എന്ന തോന്നലാണുണ്ടായിരുന്നത്. എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനിക്കുള്ളിലെ യഥാർഥ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് സൗരഭ് വ്യക്തമാക്കുന്നു. ഒരു ഉൾനാടൻ പ്രദേശത്തെ വെയർഹൗസിലായിരുന്നു സൗരഭിന് ജോലി. അവിടെ കുടിക്കാൻ ശുദ്ധമായ വെള്ളമോ, സുരക്ഷിതമായ കെട്ടിടമോ, എന്തിനേറെ പറയുന്നു പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ ഒരു ശൗചാലയം പോലുമോ ഉണ്ടായിരുന്നില്ല. പലതവണ പരാതിപ്പെട്ടിട്ടും ഈ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന്, ടോയ്‌ലറ്റിൽ പോകാൻ വേണ്ടി മാത്രം ജോലിസമയത്ത് സൗരഭിന് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനേക്കാൾ കഠിനമായിരുന്നു തൊഴിലിടത്തിലെ മോശം സംസ്കാരവും മാനസിക പീഡനങ്ങളും. ജോലി സമയം കഴിഞ്ഞും രാത്രി വൈകിയും വാരാന്ത്യങ്ങളിലും ഉന്നത ഉദ്യോഗസ്ഥർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. അടിയന്തര ആവശ്യങ്ങൾക്ക് പോലും ലീവ് അനുവദിക്കാൻ അധികൃതർ മടിച്ചു. കൂടാതെ, മുതിർന്ന ഉദ്യോഗസ്ഥർ യുവാക്കളായ ജീവനക്കാരോട് മോശമായി പെരുമാറുന്നതും ചീത്തവിളിക്കുന്നതും പതിവായിരുന്നു. ഇതിനെല്ലാം പുറമെ, മേലുദ്യോഗസ്ഥർക്ക് വേണ്ടി എയർപോർട്ട് പിക്കപ്പ് സൗകര്യങ്ങൾ ഒരുക്കുക, ഹോട്ടൽ റൂം ബുക്ക് ചെയ്യുക തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾ ചെയ്യാനും ജൂനിയർ ഉദ്യോഗസ്ഥർ നിർബന്ധിതരായി. ഈ തൊഴിൽ സാഹചര്യത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനോ കരിയറിൽ വളർച്ച നേടാനോ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സൗരഭ് രാജി തീരുമാനിക്കുന്നത്.
ഇത്രയും സുരക്ഷിതമായ ഒരു സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം കുടുംബത്തിൽ വലിയൊരു മാനസിക വിഷമത്തിനാണ് കാരണമായത്. ഇന്ത്യൻ കുടുംബങ്ങളിൽ സർക്കാർ ജോലി രാജിവെക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. താൻ വലിയൊരു കുറ്റം ചെയ്ത രീതിയിലാണ് അച്ഛൻ പെരുമാറിയതെന്നും വീട്ടിൽ വലിയ അസ്വസ്ഥതകൾ ഉണ്ടായതായും സൗരഭ് പറയുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി മകൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടുകളും നേരിട്ട് കണ്ട അമ്മ മകന്റെ തീരുമാനത്തെ പിന്തുണച്ചു.
പണത്തേക്കാളും ഉയർന്ന ശമ്പളത്തേക്കാളും സ്വന്തം മാനസികാരോഗ്യത്തിനും അന്തസിനും മുൻഗണന നൽകിയ സൗരഭ് മിത്തലിന്റെ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പഴയ തലമുറയിലെ ആളുകൾ ഇതിനെ ജീവനക്കാരുടെ ക്ഷമയില്ലായ്മയായി കാണുമ്പോൾ, ഐടി-പൊതുമേഖലാ രംഗത്തെ ആയിരക്കണക്കിന് യുവാക്കൾ സൗരഭിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. തങ്ങൾ നേരിടുന്ന സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് യുവതലമുറ സൗരഭിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. അടിസ്ഥാനപരമായ അന്തസും ആരോഗ്യകരമായ തൊഴിൽ സാഹചര്യവും നൽകാൻ കഴിഞ്ഞില്ലെങ്കിൽ, വെറും ഉയർന്ന ശമ്പളം കൊണ്ട് മാത്രം പുതിയ തലമുറയിലെ പ്രതിഭകളെ നിലനിർത്താൻ സ്ഥാപനങ്ങൾക്ക് കഴിയില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്.
Adjust Story Font
16

