മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍
രക്തസ്രാവമുണ്ടായിട്ടും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചില്ലെന്നും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചെന്നും കുടുംബം ആരോപിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നാലുവയസുകാരി പീഡനത്തിനിരയായി. മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വെള്ളിയാഴ്ച താരകേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടിയുടെ കുടുംബം അഭയം തേടിയ സ്ഥലത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ കൊതുകുവലയുടെ അടിയിൽ നിന്ന് വലിച്ചെടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
പുലർച്ചെ കുട്ടിയെ കാണാതായതോടെ കുടുംബം പരിഭ്രാന്തിയിലായി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം ഉച്ചകഴിഞ്ഞ് സ്റ്റേഷന് സമീപമുള്ള അഴുക്കുചാലിന് സമീപം നഗ്നയായി രക്തം പുരണ്ട നിലയിലാണ് കുട്ടിയെ ബന്ധുക്കൾ കണ്ടെത്തിയത്. കൊതുകുവലയ്ക്ക് കീഴിൽ മുത്തശ്ശിയുടെ അരികിൽ ഉറങ്ങുകയായിരുന്നു കുട്ടിയെന്ന് കുടുംബം പറഞ്ഞു.കുട്ടിയുടെ കവിളില്‍ കടിയേറ്റ പാടുകളുണ്ടായിരുന്നു.
പെൺകുട്ടിയെ താരകേശ്വർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡോക്ടർമാർ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു. അതേസമയം, പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടെന്നും അധികൃതർ പൊലീസിനെ അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
ആശുപത്രി ജീവനക്കാര്‍ കേസ് തെറ്റായി കൈകാര്യം ചെയ്തുവെന്നും പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളോട് പോകാന്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.തുടര്‍ന്ന് കൂടുതൽ വൈദ്യപരിശോധനകൾക്കായി പൊലീസ് കുട്ടിയെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. പൊലീസും ഡോക്ടർമാരും അനാസ്ഥ കാണിച്ചെന്നാരോപിച്ച് ബിജെപി നേതാക്കളും പ്രവർത്തകരും ആശുപത്രിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു.പോക്സോ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.
Adjust Story Font
16

