ഇവരൊക്കെ എവിടെ...? രാജ്യതലസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാണാതായത് 509 സ്ത്രീകളെയും 191 കുട്ടികളേയും; ഞെട്ടിക്കുന്ന പൊലീസ് റിപ്പോർട്ട്
2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 24,508 പേരെയാണ് ഡൽഹിയിൽ നിന്നും കാണാതായത്.

- Published:
5 Feb 2026 3:56 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. രണ്ടാഴ്ചയ്ക്കിടെ 807 പേരെയാണ് കാണാതായതെന്ന് പൊലീസ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു- 509 പേർ. ജനുവരി ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 54 പേരെ വീതമാണ് കാണാതായിരിക്കുന്നത്.
807 പേരിൽ 298 പേരാണ് പുരുഷന്മാർ. പ്രായപൂർത്തിയാകാത്ത 191 പേരെ കാണാതായപ്പോൾ 616 പേരാണ് മുതിർന്നവർ. ഒരു ദിവസം ശരാശരി 13 കുട്ടികളെ വീതമാണ് കാണാതായിരിക്കുന്നത്. കാണാതായ പ്രായപൂർത്തിയാകാത്തവരിൽ 146 പേരും പെൺകുട്ടികളാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം.
എട്ട് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ എട്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 13 കുട്ടികളെ കാണാതായി. ഇവരിൽ മൂന്ന് ആൺകുട്ടികളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
കാണാതായ പ്രായപൂർത്തിയാകാത്തവരിൽ 169 പേരും 12-18 വയസ് പ്രായമുള്ളവരാണ്. ഇതിൽ 138 പേരും പെൺകുട്ടികളും 31 ആൺകുട്ടികളുമാണെന്നും ഇവരിൽ 29 പെൺകുട്ടികളെയും 19 ആൺകുട്ടികളേയും പിന്നീട് കണ്ടെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. മറ്റുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കാണാതായ 616 പ്രായപൂർത്തിയായവരിൽ 363 പേരും സ്ത്രീകളാണ്. 253 പേരാണ് പുരുഷന്മാർ. ഇവരിൽ 90 പുരുഷന്മാരെയും 91 സ്ത്രീകളേയും പൊലീസിന് കണ്ടെത്താനായെങ്കിലും ബാക്കി 435 പേർ ഇപ്പോഴും കാണാമറയത്താണ്. രണ്ടാഴ്ചയ്ക്കിടെ കാണാതായവരിൽ ഇതുവരെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 235 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. 572 പേരെ കണ്ടെത്താനുണ്ട്.
2025ൽ മാത്രം കാണാതായത് 24,508 പേർ
2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 24,508 പേരെയാണ് ഡൽഹിയിൽ നിന്നും കാണാതായത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു യാഥാർഥ്യം. ഇതിൽ 60 ശതമാനവും (14,870 പേർ) സ്ത്രീകളാണ്. ബാക്കി 9,638 പേരാണ് പുരുഷന്മാർ. ഇതിൽ 15,421 പേരെ കണ്ടുപിടിക്കാനായെങ്കിലും 9,087 പേർ ഇപ്പോഴും എവിടെയാണെന്ന് വിവരമില്ല.
2016 മുതൽ 2026 വരെയുള്ള ഒരു ദശാബ്ദക്കാലത്തെ കണക്കെടുക്കുമ്പോൾ കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിൽ ആകെ 2,32,737 പേരെയാണ് കാണാതായതെന്ന് പൊലീസ് കണക്കിൽ പറയുന്നു. ഇതിൽ 1.8 ലക്ഷം പേരെ കണ്ടെത്തിയപ്പോൾ 52,000 പേരെക്കുറിച്ച് അറിവില്ല. 14,870 സ്ത്രീകളെ കാണാതായ 2025 ആണ് ഒരു പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ പേരെ കാണാതായ വർഷം.
Adjust Story Font
16
