Quantcast

ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി ആഞ്ഞടിച്ച് ആറുവയസ്സുകാരൻ; പിന്നാലെ സമരത്തിൽ നിന്ന് വലിച്ചിഴച്ച് പൊലീസ്, വ്യാപക പ്രതിഷേധം-വിഡിയോ

വിദ്യാഭ്യാസമേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിന് പകരം ആറുവയസ്സുകാരനെ തടങ്കലിലാക്കി എല്ലാം പരിഹരിക്കാമെന്നാണ് സർക്കാരിന്‍റെ പദ്ധതിയെന്ന് സിജെപി സ്ഥാപകൻ

MediaOne Logo

Web Desk

  • Updated:

    2026-08-26 12:23:55

Published:

26 Aug 2026 5:45 PM IST

ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി ആഞ്ഞടിച്ച് ആറുവയസ്സുകാരൻ; പിന്നാലെ സമരത്തിൽ നിന്ന് വലിച്ചിഴച്ച് പൊലീസ്, വ്യാപക പ്രതിഷേധം-വിഡിയോ
X

പാറ്റ്ന: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ അടുത്തിടെ നടന്ന വ്യാപകക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ബിഹാർ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരം വീണ്ടും ശക്തമാക്കി വിദ്യാർഥികൾ. സംസ്ഥാനത്തെ നിരന്തരമായ ചോദ്യപ്പേപ്പർ ചോർച്ചയും അധ്യാപക നിയമനത്തിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിദ്യാർഥികൾ നടത്തിവരുന്ന സമരമാണ് സിജെപി പ്രതിനിധികളും രാജ്യമൊന്നടങ്കമുള്ള യുവാക്കളും ഏറ്റെടുത്തതോടെ വീണ്ടും ജനശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുടനീളം വൈറലാണ്.

ഇപ്പോഴിതാ, സമരത്തിൽ ബിജെപി സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യം വിളിച്ചതിന്‍റെ പേരിൽ സമരമുഖത്ത് നിന്ന് ബിഹാർ പൊലീസ് വലിച്ചിഴച്ചുപോയ ആറുവയസുകാരനിലൂടെ വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ് സമരം. ചെറിയ ബാലനെ ഒരുകൂട്ടം പൊലീസുകാർ ചേർന്ന് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നാലെ, ബിഹാർ പൊലീസിന്‍റെ നടപടിയെ അപലപിച്ചുകൊണ്ട് സിജെപി പ്രതിനിധികളും മറ്റ് രാഷ്ട്രീയപാർട്ടികളും രംഗത്തെത്തി. മുദ്രാവാക്യം വിളിച്ചതിന്‍റെ പേരിൽ ചെറിയ കുട്ടിയെ പോലും പൊലീസ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വിമർശിച്ചു.

ബിഹാർ പിഎസ്സി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പാറ്റ്നയിലെ ഡാക്ക് ബംഗ്ലാവിന് മുന്നിൽ സമരം ചെയ്യുകയായിരുന്നു നൂറുകണക്കിന് വിദ്യാർഥികൾ. സംഘർഷഭരിതമായതോടെ മുഖ്യമന്ത്രി സാമ്രാട്ട് ചൌധരിയുടെ വസതിക്ക് മുൻപിലേക്ക് ഇന്നലെ സമരക്കാർ ഇരച്ചുകയറുകയും ചെയ്തു. പിന്നാലെ, പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിയുപയോഗിച്ച് അടിച്ചോടിക്കാൻ ശ്രമം നടത്തുകയുമായിരുന്നു.

സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി പ്രദേശം സംഘർഷഭരിതമായിരിക്കുന്നതിനിടെയാണ് കയ്യിൽ ത്രിവർണപതാകയുമേന്തി ആറുവയസ്സുകാരന്‍റെ രംഗപ്രവേശനം. സംസ്ഥാനത്തെ തൊഴിലില്ലായ്മയിലും വിദ്യാഭ്യാസമേഖലയിലെ ക്രമക്കേടുകളിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നായിരുന്നു ബാലന്‍റെയും ആവശ്യം. 'എന്താണ് വിദ്യാർഥികൾക്ക് ജോലി ലഭിക്കാത്തത്? എല്ലാവർക്കും തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെപ്പോയി? വാഗ്ദാനങ്ങൾ കാറ്റിൽ പറത്തിയ സാമ്രാട്ട് ചൌധരി രാജിവെക്കണം' ആറുവയസ്സുകാരൻ ഉച്ചത്തിൽ അലറി. മറ്റൊരു വീഡിയോയിൽ പൊലീസിന്‍റെ ലാത്തിയെ ഭയക്കാതെ സധൈര്യം ഈ പയ്യൻ മുന്നേറുന്നതും കാണാനാകും.

എന്നാൽ, മിനിറ്റുകൾക്കകം, ഏതാനും വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം കൂട്ടമായി വന്ന് ബാലനെയും അമ്മയെയും സമരത്തിനിടയിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അതേസമയം, ഏത് സാഹചര്യത്തിലാണ് ഇരുവരെയും പൊലീസ് പുറത്തേക്ക് കൊണ്ടുപോകുന്നതെന്ന് വീഡിയോയിൽ വ്യക്തമല്ല. കുട്ടിയെ തടങ്കലിലാക്കിയെന്ന പ്രചാരണം വ്യാജമാണെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നും പൊലീസ് പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു. 'കുട്ടിയെ തടങ്കലിലാക്കിയതായിരുന്നില്ല അത്. സമരത്തിനിടയിലെ സംഘർഷസാഹചര്യത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുക മാത്രമായിരുന്നു ഉദ്ദേശ്യം.' പൊലീസ് വക്താവ് കുന്ദൻ കൃഷ്ണൻ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ബിഹാർ സർക്കാരിനെതിരെയും പൊലീസിനെതിരെയും ഉയർന്നുകൊണ്ടിരിക്കുന്നത്.സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും ആംആദ്മി, കോൺഗ്രസ് നേതാക്കളും വീഡിയോ പങ്കുവെക്കുകയുണ്ടായി. സംഘർഷസാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യസംവിധാനം ആറുവയസ്സുകാരനെ തടങ്കലിലാക്കുന്ന ദൃശ്യങ്ങളാണിത്. അടുത്തതായി അവരിനി സ്പേം ബാങ്കുകൾ പരിശോധിക്കുകയാണെങ്കിലും അത്ഭുതമില്ല'. അഭിജീത് ദീപ്കെ വീഡിയോക്കൊപ്പം കുറിച്ചു. വിദ്യാഭ്യാസമേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിന് പകരം ആറുവയസ്സുകാരനെ തടങ്കലിലാക്കി എല്ലാം പരിഹരിക്കാമെന്നാണ് സർക്കാരിന്‍റെ പദ്ധതിയെന്നും സിജെപി പരിഹസിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കുട്ടികളെ ഉപദ്രവിക്കുകയാണെന്ന് മുൻ ഡൽഹി മന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയും വിമർശിച്ചു. വീഡിയോ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

TAGS :

Next Story