Quantcast

ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; ശ്രീന​ഗറിൽ പൊലീസ് സ്റ്റേഷനിൽ സ്ഫോടനം; ഏഴ് മരണം

സ്‌ഫോടനം ഭീകരാക്രമണമല്ലെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-11-15 04:57:20.0

Published:

15 Nov 2025 7:06 AM IST

7 dead in Nowgam police station blast in Jammu Kashmir as explosives detonate
X

ശ്രീന​ഗർ: ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിലെ സ്ഫോടനത്തിൽ പൊലീസുകാരുൾപ്പെടെ ഏഴ് പേർ മരിച്ചു. ഫരീദാബാദ് ഭീകര സംഘത്തിൽനിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഫൊറൻസിക് സംഘത്തിലെ അംഗങ്ങളും പൊലീസുകാരുമടക്കം 30ലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ട് പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി 11.20ഓടെയായിരുന്നു സംഭവം. പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ശ്രീനഗറിലേക്ക് കൊണ്ടുപോയ സ്‌ഫോടക വസ്തുക്കളിൽ ഒരു ഭാ​ഗം പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നെങ്കിലും 360 കിലോ പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്‌ഫോടനം ഭീകരാക്രമണമല്ലെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസും സൈന്യവും വിശദീകരിച്ചു. ശ്രീനഗറിലെ പ്രധാന പൊലീസ് സ്റ്റേഷൻ ആയതിനാൽ ഏത് സമയവും നിരവധി പൊലീസുകാരുണ്ടാകുന്ന സ്റ്റേഷനാണിത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണവും പരിശോധനയും തുടരുകയാണ്.

അതേസമയം, ഡൽഹി സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കി. ഫരീദാബാദ് ഭീകരസംഘവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റിലായി. ഡോ. ഷഹീനുമായി ബന്ധമുള്ള ഫറൂഖിനെയാണ് ഹാപ്പൂരിൽ നിന്ന് പിടികൂടിയത്. ഭീകര സംഘത്തിന്റെ പാകിസ്താൻ, തുർക്കി ബന്ധവും എൻഐഎ അന്വേഷിക്കുകയാണ്. സ്ഫോടനത്തിൽ മുഖ്യപ്രതിയായ ഉമറിന്‍റെ പുൽവാമയിലെ വീട് സുരക്ഷ സേന തകർത്തിരുന്നു.

TAGS :

Next Story