ലൈറ്റർ രൂപത്തിലുള്ള ഒളിക്യാമറയിൽ കണ്ടെത്തിയത് 74 വീഡിയോകൾ; സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ പൈലറ്റ് അറസ്റ്റിൽ
കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

ന്യൂഡൽഹി: ഒളിക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ച പൈലറ്റ് അറസ്റ്റിൽ. സ്വകാര്യ ഇന്ത്യൻ എയർലൈൻ കമ്പനിയിൽ പൈലറ്റായ 31കാരൻ മോഹിത് പ്രിയദർശിയെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ ഒളിക്യാമറ ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തു.
ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് 74 വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാൾ സ്ഥിരംകുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മോഹിത്, ഒരുവർഷമായി സ്ത്രീകളെ പിന്തുടർന്ന് ഒളിക്യാമറിയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കിഷൻഗഡ് ഗ്രാമവാസിയായ പരാതിക്കാരി, ആഗസ്റ്റ് 30ന് രാത്രി ശനി ബസാറിൽ നിൽക്കുമ്പോൾ ലൈറ്ററിന്റെ രൂപത്തിലുള്ള രഹസ്യ ക്യാമറ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് തന്റെ അനുവാദമില്ലാതെ ഒരാൾ വീഡിയോകൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതായി പരാതിയിൽ പറയുന്നു.
വിമാനത്താവളങ്ങളിലോ വിമാനത്തിലോ സഹപ്രവർത്തകരെയോ മറ്റോ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാൻ കണ്ടെടുത്ത ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്ക്കെതിരെ ബിഎൻഎസ് വകുപ്പ് 77/78 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയായ മോഹിത് പ്രിയദർശി അവിവാഹിതനാണ്. വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
Adjust Story Font
16

