Quantcast

കൊലപാതക ശ്രമം നടത്തി 48 വർഷം ഒളിവിൽ, ലൈസൻസ് പുതുക്കിയത് വിനയായി; 77 കാരൻ പിടിയിൽ

ചന്ദ്രശേഖർ മധുകേർ കലേകറിനെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം പൊലീസ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-10-16 15:44:41.0

Published:

16 Oct 2025 9:12 PM IST

കൊലപാതക ശ്രമം നടത്തി 48 വർഷം ഒളിവിൽ, ലൈസൻസ് പുതുക്കിയത് വിനയായി; 77 കാരൻ പിടിയിൽ
X

Photo|Special Arrangement

മുംബൈ: കാമുകിയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസിൽ 48 വർഷം ഒളിവിൽ താമസിച്ച പ്രതി ഒടുവിൽ പിടിയിൽ. 1977ൽ മുംബൈയിലെ കൊളാബയിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസിലെ പ്രതിയാണ് വർഷങ്ങൾക്കുശേഷം പിടിയിലായത്. ചന്ദ്രശേഖർ മധുകേർ കലേകർ എന്ന 77കാരനെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം പൊലീസ് കണ്ടെത്തിയത്.

1977ൽ മൂർച്ചയുള്ള ആയുധമുപയോഗിച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കർലേക്കറിനെതിരായ കേസ്. വറോളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന സമയത്താണ് കർലേക്കർ യുവതിയെ കണ്ടുമുട്ടുന്നത്. എന്നാൽ യുവതിക്ക് വേറെ ആളുകളുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടർന്നാണ് യുവതിയെ ആക്രമിക്കുന്നത്. മദ്യലഹരിയിൽ യുവതിയുടെ കഴുത്തിലും പുറത്തും കൈയിലും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യുവതി മരണത്തെ അതിജീവിച്ചെങ്കിലും കർലേക്കർ അറസ്റ്റിലായി.

തുടർന്ന് 15 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിലിറങ്ങി പൊലീസിനെ പറ്റിച്ച് കടന്നുകളഞ്ഞു. തുടർന്ന് 48 വർഷക്കാലം ലാൽബാഗ്, സാന്റാക്രൂസ്, മാഹിം, ഗോരേഗാവ്, ബദ്‌ലാപൂർ തുടങ്ങിയ സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. അതിനിടെ ലാൽബാഗിലെ ഹാജി കസം ചോളിലെ കർലേക്കറിന്റെ വീട് പൊളിച്ചുകളയുകയും ചെയ്തു. ഇതോടെ പ്രതിയെ കണ്ടെത്താനുള്ള സാധ്യതകൾ പാടെ മങ്ങുകയായിരുന്നു. കർലേക്കർ മുങ്ങിയതിന് പിന്നാലെ ഇയാളെ ജാമ്യത്തിലിറക്കിയ വ്യക്തിക്ക് കോടതി 10,000 രൂപ പിഴയിട്ടിരുന്നു. ഈ പണം കർലേക്കർ തന്നെ ജാമ്യക്കാരന് നൽകിയെന്ന് പൊലീസ് വിശദീകരിക്കുന്നു. ഒടുവിൽ കർലേക്കറിനെ തേടിയുള്ള പൊലീസിന്റെ അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച നിലയിലായി.

എന്നാൽ ആറുമാസം മുമ്പ് ദീർഘകാലമായി ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനുള്ള ശ്രമം നടത്താൻ മുംബൈ പൊലീസ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വോട്ടർ പട്ടിക അടക്കമുള്ളവ പരിശോധിച്ച് കർലേക്കറിനെ കണ്ടെത്താനുള്ള ശ്രമം നടത്തി. രത്‌നഗിരിയിലെ ദാപോളിയിൽ ഇയാളുമായി സമാനതയുള്ള ഒരാളെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷിച്ചെത്തിയ പൊലീസുകാരെ പേരുമാറ്റി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ഇയാൾക്ക് സാധിച്ചു. ഇതിന് പിന്നാലെ ആർടിഒ രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾ 2023ൽ ലൈസൻസ് പുതുക്കിയതായി കണ്ടെത്തിയത്. ഇതിനായി നൽകിയ ഫോട്ടോക്ക് രത്‌നഗിരിയിൽ കണ്ട ആളുമായി സാമ്യം വന്നതോടെ പൊലീസ് കർലേക്കറിന്റെ മുൻ സഹപ്രവർത്തകരെയും സുഹൃത്തുക്കളേയും കാണിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കി. തുടർന്ന് വീണ്ടും രത്‌നഗിരിയിലെത്തി.

ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് പൊലീസ് ഇയാളെ ദാപോളിയിലെ കാരാൻജാനിയിൽ നിന്ന് പിടികൂടിയത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. ഇപ്പോൾ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

TAGS :

Next Story