Quantcast

ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ; 'കോൺഗ്രസ് ഛോഡോ യാത്ര'ക്ക് തുടക്കമെന്ന് സാവന്ത്

പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും കൈകൾ ശക്തിപ്പെടുത്തുന്നതിനാണ് ഞങ്ങൾ ബിജെപിയിൽ ചേർന്നതെന്ന് മൈക്കൽ ലോബോ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    14 Sep 2022 9:00 AM GMT

ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ; കോൺഗ്രസ് ഛോഡോ യാത്രക്ക് തുടക്കമെന്ന് സാവന്ത്
X

പനാജി: ഗോവയിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കാമത്തിനു പുറമേ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ദെലീല ലോബോ, രാജേഷ് ഫാൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് പാർട്ടി വിട്ടത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തിൽ എംഎൽഎമാർക്ക് ബിജെപി അംഗത്വം നൽകി. പിന്നാലെ, കോൺഗ്രസിനെ പരിഹസിച്ച് സാവന്ത് രംഗത്തെത്തുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. 'കോൺഗ്രസ് ഛോഡോ യാത്ര' ഇതാ ആരംഭിച്ചിരിക്കുന്നു എന്നാണ് എംഎൽഎമാരുടെ വരവിന് പിന്നാലെ സാവന്ത് പ്രതികരിച്ചത്.

പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും കൈകൾ ശക്തിപ്പെടുത്തുന്നതിനാണ് ഞങ്ങൾ ബിജെപിയിൽ ചേർന്നതെന്ന് മൈക്കൽ ലോബോ പ്രതികരിച്ചു. 'കോൺഗ്രസ് ഛോഡോ, ബിജെപി കോ ജോഡോ' (കോൺഗ്രസ് വിടൂ, ബിജെപിയിലേക്ക് വരൂ) എന്നായിരുന്നു മൈക്കൽ ലോബോയുടെ ആഹ്വാനം.

ഗോവ ബിജെപി അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെയാണ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന വാർത്ത ആദ്യം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ എട്ട് കോൺഗ്രസ് എംഎൽഎമാർ ഗോവ മുഖ്യമന്ത്രിയെ കാണുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതോടെ ഗോവ നിയമസഭയിൽ 40 അംഗങ്ങളും 20 എംഎൽഎമാരുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി.

2019ലാണ് കോൺഗ്രസിന് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നത്. 2019 ജൂലൈയിൽ പത്ത് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

TAGS :

Next Story