അയൽവാസിക്ക് നൽകാൻ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു; പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേർ കസ്റ്റഡിയിൽ
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് കൈമാറാൻ വേണ്ടിയാണ് കുഞ്ഞിനെ മായയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്

Photo| Special Arrangement
ന്യൂഡൽഹി: ഡൽഹിയിൽ 27 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ അഞ്ചുപേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്ത മായ, കുട്ടിയെ വാങ്ങാൻ പദ്ധതിയിട്ട ദമ്പതികളായ ശുഭ് കരൺ, സന്യോഗിത എന്നിവരാണ് അറസ്റ്റിലായത്.
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് കൈമാറാൻ വേണ്ടിയാണ് കുഞ്ഞിനെ മായയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കും 20000 രൂപയും നൽകി. ഒക്ടോബർ എട്ടിനാണ് 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. പൊലീസ് കണ്ടെത്തിയ കുട്ടിയെ തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചു. തിലക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഒക്ടോബർ എട്ടിന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ശുഭ് കരണിനും ഭാര്യ സ്‌ന്യോഗിതയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ നവജാതശിശുവിനെ തട്ടിക്കൊണ്ട് വരാൻ പദ്ധതിയിട്ടത്. സുഭാഷ് നഗറിലെ പസഫിക് മാളിന് സമീപത്ത് നിന്നാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത്. പ്രദേശത്തെ 200 സിസിടിവി കാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് സംശയിക്കുന്നവരിലേക്ക് പൊലീസ് എത്തിയത്. തട്ടിക്കൊണ്ട് പോയവർ ഉപേക്ഷിച്ച വാഹനം തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ നരേനയിലെ ഒരു ജനവാസ മേഖലയിൽ നിന്ന് കണ്ടെത്തി. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന വികാസിലേക്ക് പൊലീസ് എത്തി.
അനിലിന് മോഷ്ടിച്ച ഇരു ചക്രവാഹനം നൽകിയത് വികാസായിരുന്നു. അനിൽ ആണ് പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ഇരുചക്രവാഹനം കൈമാറിയത്. കസ്റ്റഡിയിലെടുത്ത കൗമാരക്കാരൻ ചോദ്യം ചെയ്യലിൽ ഗൂഢാലോചന വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ ഉത്തം നഗറിൽ വീട്ടു ജോലിക്കാരിയായ മായയാണ് തട്ടിക്കൊണ്ട് പോകലിൽ സുപ്രധാന പങ്കുവഹിച്ചതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദരാജേ ഷാരദ് ഭാസ്‌കർ പറഞ്ഞു.
Adjust Story Font
16

