ആറാം വയസിലെ വധഭീഷണി; പേടി മൂലം അവളെ പിതാവ് ഇരുട്ടുമുറിയലടച്ചത് 20 വർഷം; ഒടുവിൽ മോചിതയായപ്പോൾ കാഴ്ചയും ഓർമയും ആരോഗ്യവും നഷ്ടം
ഇരുളിന്റെ ഭയാനകതയിൽ കഴിഞ്ഞ അവൾക്ക് ശബ്ദങ്ങൾ പോലും ഭയമായിരുന്നു. നേരെ നിൽക്കാൻ പോലുമാവാതിരുന്ന പെൺകുട്ടിക്ക് അവളുടെ പേര് പോലും ഓർമയുണ്ടായിരുന്നില്ല.

റായ്പ്പൂർ: കുട്ടിക്കാലത്ത് നേരിടുന്ന അതിക്രമങ്ങളോ പേടിപ്പിക്കുന്ന സംഭവങ്ങളോ പലരുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്നത് മായ്ക്കാനാവാത്ത ട്രോമയായിരിക്കും. ചിലരുടെ മാനസികനില വരെ തെറ്റാൻ കാരണമാകുന്ന സംഭവങ്ങൾ പോലും ചെറുപ്പത്തിൽ നേരിടേണ്ടിവരാറുണ്ട്. വലുതായാലും ആ മാനസികാഘാതം അവരിൽ നിന്ന് വിട്ടുപോവില്ല. അത്തരമൊരു അവസ്ഥയാണ് ഛത്തീസ്ഗഢിലെ ഒരു കുട്ടിക്കുമുണ്ടായത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അവളുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം പിന്നീടവളെ ഇരുട്ടിലേക്കാണ് തള്ളിവിട്ടത്.
ആറാം വയസിൽ നേരിട്ട ഒരു വധഭീഷണിയാണ് ലിസയെന്ന പെൺകുട്ടിയെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് നയിച്ചത്. ബസ്തറിലെ ബകാവൻദ് സ്വദേശിനിയായ ലിസയെ 2000ലാണ് ഒരാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അന്ന് രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന ലിസ, സ്കൂളിലേക്ക് പോവുമ്പോൾ പിന്തുടർന്നെത്തിയ ആൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഭയന്നുപോയ അവൾ വീട്ടിൽ തിരിച്ചെത്തിയ ശേഷം മുറിയിൽ കയറിയിരുന്നു. പുറത്തിറങ്ങിയാൽ അയാളുടെ മുന്നിൽ പെടുമെന്നും തന്നെ കൊലപ്പെടുത്തുമെന്നുമുള്ള ഭയമായിരുന്നു കാരണം.
പിന്നീടുള്ള ദിവസങ്ങളിലും അവൾ പുറത്തിറങ്ങാതെ അതേ മുറിയിൽ തന്നെ കഴിഞ്ഞു. കുഞ്ഞുന്നാളിൽ അമ്മ മരിച്ച അവൾക്ക് അച്ഛനായിരുന്നു ഏക ആശ്രയം. എന്നാൽ മകൾക്ക് ധൈര്യം പകരുന്നതിന് പകരം ആ പിതാവ് അവളുടെ ജീവിത്തതിൽ കനത്ത നഷ്ടം വരുത്തുന്ന തീരുമാനമെടുക്കുകയായിരുന്നു. മകളുടെ സുരക്ഷയ്ക്കായി അവളെ പിന്നീടുള്ള കാലം ആ മുറിയിൽ തന്നെ അടച്ചിടുക എന്നതായിരുന്നു അയാൾ കണ്ട മാർഗം. ജനാലയോ വാതിലോ പോയിട്ട്, വെളിച്ചം കടക്കുന്ന ചെറിയൊരു തുള പോലുമില്ലാത്ത ആ മുറിയിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അവൾ അങ്ങനെ കഴിഞ്ഞു. നീണ്ട 20 വർഷം ആ കുടുസുമുറിയായിരുന്നു അവളുടെ ലോകം.
ഒടുവിൽ, കഴിഞ്ഞദിവസം സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലിസ പുറംലോകത്തെത്തിയത്. അപ്പോഴേക്കും അവൾക്ക് നികത്താനാവാത്ത പല നഷ്ടങ്ങളും സംഭവിച്ചുകഴിഞ്ഞിരുന്നു. സ്വന്തം പേരു പോലും മറന്ന അവൾക്ക് ഇരു കണ്ണിന്റെയും കാഴ്ചയും നഷ്ടമായിരുന്നു. മകളെ അക്രമി പിടികൂടുമെന്ന ഭയമാണ് അവളെ ഇരുട്ടുമുറിയിൽ അടച്ചിടാൻ കർഷകനായ പിതാവിനെ പ്രേരിപ്പിച്ചതെന്ന് ബസ്തർ സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുചിത്ര ലക്ര പറഞ്ഞു.
അന്നത്തെ സംഭവം ഇരുവരിലും ആഴത്തിലുള്ള മാനസിക ആഘാതമാണുണ്ടാക്കിയത്. ഇതോടെ മകൾ അടച്ചിട്ട മുറിയിലും പിതാവ് പുറത്തും ശ്വാസംമുട്ടിക്കൊണ്ടിരുന്നതായും ലക്ര പറഞ്ഞു. സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ വീട്ടിലേക്ക് പ്രവേശിപ്പിക്കുമ്പോൾ, യുവതിയുടെ ഇരു കണ്ണിന്റെയും കാഴ്ച ഒരിക്കലും തിരിച്ചുകിട്ടാനാവാത്ത വിധം നഷ്ടമായിരുന്നു. ഇരുളിന്റെ ഭയാനകതയിൽ കഴിഞ്ഞ അവൾക്ക് ശബ്ദങ്ങൾ പോലും ഭയമായിരുന്നു. നേരെ നിൽക്കാൻ പോലുമാവാതിരുന്ന പെൺകുട്ടിക്ക് അവളുടെ പേര് പോലും ഓർമയുണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും കൊടുക്കാൻ മാത്രമാണ് അച്ഛൻ വാതിൽ തുറന്നിരുന്നത്.
അച്ഛൻ മകളെ യഥാസമയം തടവിൽ നിന്ന് മോചിപ്പിച്ചിരുന്നെങ്കിൽ ഇന്ന് അവളുടെ ജീവിതം സന്തോഷകരമായിരുന്നേനെയെന്നും ലക്ര വ്യക്താക്കി. പ്രകൃതിയുടെ വെളിച്ചം ഏൽക്കാതെ ദീർഘനാൾ ഒറ്റപ്പെട്ടിരിക്കുന്നത് കാഴ്ച വീണ്ടെടുക്കാനുള്ള സാധ്യത വളരെയധികം കുറയ്ക്കുമെന്ന് ഡോക്ടർമാർ പറയുന്നു. യുവതിയുടെ മാനസിക വളർച്ചയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. വളരെ പ്രായം കുറഞ്ഞ ഒരാളെപ്പോലെയാണ് യുവതി പെരുമാറുന്നതെന്നും അവർ പറഞ്ഞു.
സാമൂഹിക ക്ഷേമ വകുപ്പിന്റെ ഇടപെട്ട് രക്ഷപെടുത്തിയ യുവതിയെ വിശദമായ മാനസിക- ശാരീരിക പരിശോധനയ്ക്കായി ജഗ്ദൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെനാളത്തെ പരിചരണവും ചികിത്സയും അവൾക്ക് ആവശ്യമുണ്ട്. സംഭവത്തിൽ സാമൂഹികക്ഷേമ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പെൺകുട്ടിയെ 20 വർഷക്കാലം ഇത്തരത്തിൽ പുറംലോകവുമായി ബന്ധമില്ലാതെ വെളിച്ചമില്ലാത്ത മുറിയിൽ അടച്ചിട്ടതെന്ന് അറിയാൻ ബന്ധുക്കളെയും അയൽവാസികളേയും ചോദ്യം ചെയ്യുമെന്നും വകുപ്പ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ ഘരൗണ്ട ആശ്രമത്തിലാണ് ലിസ കഴിയുന്നത്. ആവശ്യമായ പരിചരണത്തിലൂടെയും കൗൺസലിങ്ങിലൂടെയും ലിസയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുകയാണ് അധികൃതർ. വീണ്ടും പുഞ്ചിരിക്കാനും മനുഷ്യസാന്നിധ്യത്തിൽ വിശ്വസിക്കാനും പതറാതെ മുന്നോട്ട് പോകാനും ഭക്ഷണം കഴിക്കാനും സംസാരിക്കുമ്പോൾ പ്രതികരിക്കാനും പഠിപ്പിക്കുകയാണ് അവർ. യുവതിയുടെ കാഴ്ചശക്തി തിരിച്ചുകിട്ടാൻ സാധ്യതയില്ലെങ്കിലും വൈകാരിക- വൈജ്ഞാനിക- പെരുമാറ്റപരമായ വീണ്ടെടുപ്പ് സാധ്യമാണെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു. എന്നലതിന് വർഷങ്ങളെടുക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കാരുണ്യം കൊണ്ട് സ്പർശിക്കുമ്പോൾ ആഴത്തിലുള്ള മുറിവുകൾ പോലും മൃദുവാകുമെന്ന് സാമൂഹികക്ഷേമ വകുപ്പ് അടിവരയിടുന്നു. ലിസ ഇനി ഒരിക്കലും ലോകം കാണില്ല. നഷ്ടപ്പെട്ട 20 വർഷങ്ങൾ അവൾക്ക് ഒരിക്കലും വീണ്ടെടുക്കാനും കഴിഞ്ഞേക്കില്ല. എന്നാൽ അവളുടെ നാളെകൾ ഇന്നലെയെപ്പോലെ ആകണമെന്നില്ല. സമൂഹവും അധികാരികളും അവൾക്കൊപ്പം നിന്നാൽ മുന്നോട്ടുള്ള നാളുകളിൽ പുഞ്ചിരിക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.
Adjust Story Font
16

