'ഒരു കിലോ മാങ്ങക്ക് മൂന്ന് ലക്ഷം രൂപവരെ വില'; ഇന്ത്യയിലെ തോട്ടത്തിന് സിസിടിവിയടക്കമുള്ള സുരക്ഷയൊരുക്കി കർഷകർ
ലോകത്തെ ഏറ്റവും വിലകൂടിയ മാങ്ങയാണിത്

പട്ന: പഴവർഗങ്ങളിലെ രാജാവെന്ന് വിശേഷിപ്പിക്കുന്നത് മാങ്ങയെയാണ്. കേരളത്തിൽ മാമ്പഴക്കാലം നേരത്തെ എത്താറുണ്ടെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മേയ് തുടങ്ങുന്നതോടെയാണ് മാമ്പഴക്കാലം തുടങ്ങുന്നത്. പ്രശസ്തമായ പല മാമ്പഴ വെറൈറ്റികളും കൃഷി ചെയ്യാറുള്ള സ്ഥലമാണ് ബിഹാർ. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട മാൽഡ മാങ്ങയും പ്രാദേശിക ഇനങ്ങളായ അമ്രാപാലി, ബിജ്ജു തുടങ്ങിയവയൊക്കെ മാങ്ങയിലെ ബിഹാറി?ന്റെ വകഭേദങ്ങളാണ്.
പല പരീക്ഷണങ്ങളും നടത്തുന്ന ബിഹാറിലെ മാമ്പഴ കർഷകരിപ്പോൾ ലോകത്തിലെ തന്നെ വിലകൂടിയ മാമ്പഴത്തിന്റെ കൃഷിയിലേക്കും കൈകടത്തിയിരിക്കുകയാണ്. സാധാരണയായി അത്ര എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കാത്ത മിയാസാക്കി മാങ്ങയുടെ കൃഷി ചെയ്യാനാണ് ചില കർഷകർ ഒരുങ്ങിയിരിക്കുന്നത്.
പട്നയിലാണ് ഈ അപൂർവ്വ മാങ്ങ കൃഷി ചെയ്യുന്നത്. വിലയുടെ കാര്യത്തിൽ മാത്രമല്ല, പോഷകഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ് ഈ പഴം. 'സൂര്യന്റെ മുട്ട' എന്നാണ് ഈ മാമ്പഴം അറിയപ്പെടുന്നത്. മനോഹരമായ ചുവപ്പ് നിറമുള്ള മാങ്ങയുടെ രൂപം എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു. ഈ മാങ്ങയുടെ ആവശ്യക്കാരുടെ എണ്ണത്തിലുള്ള വർധനവാണ് ഇതിന്റെ കൃഷിയിലേക്ക് കടക്കാൻ ബിഹാറിലെ കർഷകർക്ക് പ്രചോദനമായത്.
എന്താണ് മിയാസാക്കി മാമ്പഴത്തെ വ്യത്യസ്തമാക്കുന്നത്
വിലകൂടിയത് എന്നതിനപ്പുറത്തേക്ക് ധാരാളം പ്രത്യേകതകൾ കൂടിയുണ്ട് മിയാസാക്കി മാമ്പഴങ്ങൾക്ക്. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറം പെട്ടന്ന് തന്നെ ശ്രദ്ധയാകർഷിക്കും. രുചിയുടെ കാര്യത്തിലും വ്യത്യസ്തനാണ് മിയാസാക്കി. അതിമധുരമുള്ള മാമ്പഴമായതിനാൽ പഞ്ചസാരയുടെ അളവ് വളരെക്കൂടുതലാണ്. മറ്റൊരു മാമ്പഴത്തിനും മറികടക്കാൻ സാധിക്കാത്തത്ര രുചികരമാണ് ഈ മാങ്ങയെന്ന് രുചിയറിഞ്ഞവർ പറയുന്നു.
മിയാസാക്കിയുടെ മറ്റൊരു പ്രത്യേകതയാണ് ഇതിൽ നാരുകളടങ്ങിയിട്ടില്ല എന്നത്. അതുകൊണ്ട് തന്നെ മിനുസമാർന്ന വായിലലിഞ്ഞു പോകുന്ന കഷണങ്ങളാണ് ഈ മാമ്പഴത്തിന്റേത്. പതിഞ്ഞതും കൊതിപ്പിക്കുന്നതുമായ മാമ്പഴത്തിന്റെ ഗന്ധവും പ്രത്യേകതയാണ്. വളരെ നിയന്ത്രിതമായ ചുറ്റുപാടിൽ മാത്രം വളരാൻ സാധിക്കുന്ന ഈ മാമ്പഴത്തിന് കാര്യമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. 350 മുതൽ 550 ഗ്രാമുവരെയാണ് ഒരു മാമ്പഴത്തിന്റെ ഭാരം.
ഒരു കിലോയ്ക്ക് മൂന്നു ലക്ഷത്തോളം രൂപ
കിലോയ്ക്ക് മൂന്നു ലക്ഷം വരെയാണ് മിയാസാക്കി മാങ്ങയുടെ വിലവരുന്നത്. ഇതാണ് ലോകത്തിലെ വിലകൂടിയ മാങ്ങയായി മിയാസാക്കിയെ മാറ്റുന്നത്. ബിഹാറിലെ കർഷകർ ബാംഗളൂരുവിൽ നിന്നെത്തിച്ച ഓരോ കുഞ്ഞു മാവിനും 500 രൂപയോളമാണ് വില വരുന്നത്. വളർച്ചക്കാവശ്യമായ പരിചരണത്തിന് വരുന്ന ചെലവ് വേറെ.
ചെടിയുടെ സംരക്ഷണത്തിനും മാമ്പഴത്തിന്റെ വില കാരണമുണ്ടാകുന്ന മോഷണം തടയാനും അധിക ശ്രദ്ധ ആവശ്യമാണ്. സിസിടിവിയടക്കം സ്ഥാപിച്ചാണ് പലയിടങ്ങളിലും ഈ മാമ്പഴം കൃഷി ചെയ്യുന്നത്. അപൂർവ്വവും രുചികരവുമായ ഈ മാമ്പഴം ഒരിക്കലെങ്കിലും രുചിച്ചു നോക്കാൻ ആരുമൊന്ന് ആഗ്രഹിക്കും.
Adjust Story Font
16

