Quantcast

കരൂർ ദുരന്തത്തിൽ മരിച്ചവരിൽ രണ്ട് വയസുകാരനും; ജീവൻ നഷ്ടമായവരിൽ കൂടുതലും 20- 30 പ്രായക്കാർ

ദുരന്തത്തിൽ മരിച്ച 40ൽ 10 പേരും പ്രായപൂർത്തിയാവാത്തവരാണ്.

MediaOne Logo

Web Desk

  • Published:

    28 Sept 2025 9:36 PM IST

A Two-Year-Old Among Victims Of Stampede Disaster At Actor Vijay
X

Photo| NDTV

ചെന്നൈ: തമിഴ്നാട്ടിലെ കരൂറിൽ നടൻ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരിക്കിലുംപെട്ട് മരിച്ചവരിൽ രണ്ട് വയസുകാരനും. മാതാപിതാക്കൾക്കൊപ്പമെത്തിയ ധ്രുവ് വിഷ്ണുവെന്ന് കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തമിഴ്‌നാടിനെയും രാജ്യത്തെയും പിടിച്ചുകുലുക്കിയ ദുരന്തത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ധ്രുവ്. കുഞ്ഞുങ്ങളെയും കൊണ്ടാണ് ആളുകൾ വിജയ്‌യെ കാണാനും റാലിയിൽ പങ്കെടുക്കാനും പോയതെന്നത് അപകടത്തിന്റെ ആഴം കൂട്ടി.

റാലിക്ക് പോകുമ്പോൾ വിഷ്ണു കരഞ്ഞുകൊണ്ട് വന്ന് തന്നെ കെട്ടിപ്പിടിച്ചുവെന്ന് അമ്മായി പറഞ്ഞു. 'അതോടെ ഞങ്ങൾ അവനെയും എടുത്തു. വിജയ് വന്നയുടൻ സംഘാടകർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആളുകൾക്ക് അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാനാവാതെ വന്നതോടെ എല്ലാവരും ബസിനടുത്തേക്ക് നീങ്ങാൻ തുടങ്ങി. സംഭവത്തിൽ വിജയ്‌യെ കുറ്റപ്പെടുത്താനാവില്ല. എല്ലാം ഞങ്ങളുടെ തെറ്റാണ്. ഇത്തരമൊരു പരിപാടിയിലേക്ക് കുട്ടിയെയും കൊണ്ട് പോകാൻ പാടില്ലായിരുന്നു'- അവർ പ്രതികരിച്ചു. ഇത്തരം തിരക്കേറിയ പരിപാടികളിലേക്ക് ഒരിക്കലും കുട്ടികളെയും കൊണ്ട് പോവരുതെന്ന് ധ്രുവിന്റെ അച്ഛനും അഭ്യർഥിച്ചു.

ദുരന്തത്തിൽ മരിച്ച 40ൽ 10 പേരും പ്രായപൂർത്തിയാവാത്തവരാണ്. ഇരകളിൽ ഭൂരിഭാ​ഗവും സ്ത്രീകളും 20നും 30നും ഇടയിൽ പ്രായമുള്ളവരുമാണ്. ഹേമലത (എട്ട്), സൈലേസ്തന (എട്ട്), സായ് ജീവ (നാല്), ധ്രുവ് വിഷ്ണു (രണ്ട്), സനുജ് (13), ധരണിക (14), പഴനിയമ്മാൾ (11), കോകില (14), കൃതിക് (ഏഴ്), കിഷോർ (17) എന്നിവരാണ് മരിച്ച കുട്ടികൾ. താമരൈകണ്ണൻ (25), സുകന്യ (33), ആകാശ് (23), ധനുഷ്കുമാർ (24), വടിവഴകൻ (54), രേവതി (52), ചന്ദ്ര (40), രമേശ് (32), രവികൃഷ്ണൻ (32), പ്രിയദർശിനി (35), മഹേശ്വരി (45), മാലതി (36), സുമതി (50), മണികണ്ഠൻ (33), സതീഷ്കുമാർ (34), ആനന്ദ് (26), ശങ്കർ ​ഗണേഷ് (45), വിജയറാണി (42), ​ഗോകുൽപ്രിയ (28), ഫാത്തിമ ബാനു (29), ജയ (55), അരുക്കനി (60), ജയന്തി (43) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ശനിയാഴ്ച രാത്രിയാണ് കരൂറിലെ വേലുസ്വാമിപുരത്ത് രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തമുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കം 27,000 പേരായിരുന്നു ഒത്തുകൂടിയിരുന്നത്. ടിവികെ പ്രചാരണറാലിയിലേക്ക് വിജയ് ഏറെ വൈകിയെത്തിയതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് ഡിജിപി ജി. വെങ്കിട്ടരാമൻ ആരോപിക്കുന്നു. നേതാവിനെ കാത്ത് രാവിലെ മുതൽ തന്നെ ആളുകൾ റോഡിൽ നിൽക്കുകയായിരുന്നു. പകൽ മുഴുവൻ കൊടുംചൂടിൽ അവർ വിജയ്‍യെ കാത്തുനിന്ന് തളർന്നു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും പലരും ക്ഷീണം മൂലം കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്നാണ് വലിയ അപകടത്തിലേക്ക് വഴിമാറിയത്.

ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേർന്നു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ യും നൽകുമെന്ന് വിജയ് സാമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ​ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ​സ്വതന്ത്രാന്വേഷണം വേണമെന്നാണ് ആവശ്യം.

TAGS :

Next Story