Quantcast

കോൺഗ്രസിന് പിന്നാലെ സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ആംആദ്മി പാർട്ടിയും ?

എക്സിറ്റ് പോളുകൾ തൂക്കുസഭ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2017 ആവർത്തിക്കാതിരിക്കാൻ പാർട്ടികളുടെ പുതിയ നീക്കം

MediaOne Logo

Web Desk

  • Published:

    9 March 2022 8:18 AM GMT

കോൺഗ്രസിന് പിന്നാലെ സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ആംആദ്മി പാർട്ടിയും ?
X

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഗോവയിലെ സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലാക്കി ആം ആദ്മി പാർട്ടിയും.ഗോവയിൽ കോൺഗ്രസ് എം.എൽ.എ സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റി ഒരു ദിവസം പിന്നിടുമ്പോഴാണ് സ്വന്തം സ്ഥാനാർഥികളെ കാവൽ നിർത്താൻ ആം ആദ്മി പാർട്ടിയും നീക്കം നടത്തുന്നത്.

സംസ്ഥാനത്തെ രഹസ്യ കേന്ദ്രങ്ങളിൽ ആം ആദ്മിയുടെ ൃ സ്ഥാനാർഥികൾ പാർട്ടിയുടെ നിരീക്ഷണത്തിലാണെന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് എ.എ.പി യുടെ അടുത്ത വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. എക്സിറ്റ് പോളുകൾ തൂക്കുസഭ പ്രഖ്യാപിച്ചതിന് പിന്നാലെ 2017 ആവർത്തിക്കാതിരിക്കാൻ കോൺഗ്രസും അവരെ സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലാക്കിയിരുന്നു. കോൺഗ്രസിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളെ കാവലിലാക്കിയിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഗോവയിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. സ്ഥാനാർഥികളെ തട്ടിയെടുക്കാതിരിക്കാനാണ് ഇവരെ രഹസ്യകേന്ദ്രത്തിലാക്കിയതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതായി എൻ.ഡി.ടി.വിയോട് റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കൻ ഗോവയിലെ കടൽ തീരത്തുള്ള ഒരു റിസോർട്ടിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പാർപ്പിച്ചിരിക്കുന്നതെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. വ്യാഴാഴ്ചത്തെ വോട്ടെണ്ണൽ അവസാനിച്ച് ഫലം പുറത്തുവരുന്നത് വരെ അവിടെ തങ്ങുമെന്നാണ് റിപ്പോർട്ട്.

അതേ സമയം ബലം പ്രയോഗിച്ച് ആരേയും പിടിച്ചുവെച്ചിട്ടില്ലെന്ന് ഗോവ കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ കൗത്തൻകാർ പ്രതികരിച്ചു. അതേ സമയം പിറന്നാൾ ആഘോഷത്തിനാണ് എല്ലാവരും ഒരുമിച്ചതെന്നുമുള്ള വാർത്തകളും വരുന്നുണ്ട്. കോൺഗ്രസിനെ അനുകരിച്ചുകൊണ്ടാണ് ആംആദ്മി പാർട്ടിയും സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.

ഫെബ്രുവരി 14നാണ് ഗോവൻ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് പുറത്തുവരുന്ന എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 40 സീറ്റുകളിലേക്കാണ് ഗോവയിൽ മത്സരം നടക്കുന്നത്. 21 സീറ്റ് നേടിയാൽ അധികാരത്തിലേറാം. ബി.ജെ.പിക്ക് 13 മുതൽ 22 സീറ്റുകൾ വരെ കിട്ടാമെന്നും കോൺഗ്രസിന് 11 മുതൽ 25 സീറ്റുകളിൽ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. അതേ സമയം കോൺഗ്രസും ബിജെപിയും 16 സീറ്റുകൾ വീതം നേടിയേക്കുമെന്നും തൃണമൂൽ രണ്ട് മണ്ഡലങ്ങൾ കരസ്ഥമാക്കുമെന്നും മറ്റുള്ളവർക്ക് ആറ് സീറ്റുകൾ വരെ ലഭിക്കാമെന്നുമാണ് എൻ.ഡി.ടിവി പോൾ ഓഫ് പോൾ സർവെ ഫലം.

TAGS :

Next Story