Quantcast

ബാലറ്റ് പേപ്പറിൽ വോട്ടിങ്; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി എഎപി

ആകെ തെരഞ്ഞെടുപ്പ് നടന്ന 1,977 വാർഡുകളിൽ എഎപി 958, കോൺഗ്രസ് 397, സ്വതന്ത്രർ 251, ശിരോമണി അകാലിദൾ (എസ്എഡി) 192, ബിജെപി 172, ബിഎസ്പി ഏഴ് എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്

MediaOne Logo
ബാലറ്റ് പേപ്പറിൽ വോട്ടിങ്; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി എഎപി
X

ചണ്ഡീഗഡ്: 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക രാഷ്ട്രീയ പോരാട്ടത്തിൽ, പഞ്ചാബ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വൻ വിജയം. 1,977 മുനിസിപ്പൽ വാർഡുകളിൽ 958 എണ്ണവും എഎപി സ്വന്തമാക്കിയപ്പോൾ, മുനിസിപ്പൽ കോർപ്പറേഷനുകളായ അബോഹറും കപൂർത്തലയും യഥാക്രമം ബിജെപിയും കോൺഗ്രസും നേടി. ബാലറ്റ് പേപ്പറിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

രാജ്യസഭാ എംപി രാഘവ് ചദ്ദ ഉൾപ്പെടെ ആറ് പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് പഞ്ചാബ് എഎപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാനായത് എഎപിക്ക് വലിയ ആശ്വാസമാണ്. തെരഞ്ഞെടുപ്പ് നടന്ന എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചെണ്ണവും (മൊഹാലി, ബർണാല, ബറ്റാല, മോഗ, ഭട്ടിൻഡ) എഎപി വിജയിച്ചപ്പോൾ, കപൂർത്തലയിൽ കോൺഗ്രസും അബോഹറിൽ ബിജെപിയും വിജയിച്ചു.

ആകെ തെരഞ്ഞെടുപ്പ് നടന്ന 1,977 വാർഡുകളിൽ എഎപി 958, കോൺഗ്രസ് 397, സ്വതന്ത്രർ 251, ശിരോമണി അകാലിദൾ (എസ്എഡി) 192, ബിജെപി 172, ബിഎസ്പി ഏഴ് എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. 75 മുനിസിപ്പൽ കൗൺസിലുകളിൽ 40 എണ്ണം എഎപിയും, 18 എണ്ണം കോൺഗ്രസും, 10 എണ്ണം അകാലിദളും, നാലെണ്ണം ബിജെപിയും, മറ്റു പാർട്ടികൾ മൂന്നെണ്ണവും നേടി. 20 മുനിസിപ്പൽ കമ്മിറ്റികളിൽ 11 എണ്ണത്തിൽ എഎപിയും, അഞ്ചെണ്ണത്തിൽ കോൺഗ്രസും, രണ്ടെണ്ണത്തിൽ അകാലിദളും വിജയിച്ചപ്പോൾ ബിജെപിക്കും മറ്റ് പാർട്ടികൾക്കും ഓരോ സീറ്റുകൾ വീതം ലഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എഎപി സർക്കാരിനുള്ള ജനപിന്തുണയുടെ പ്രതിഫലനമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാൻ വിശേഷിപ്പിച്ചു. ഇത് 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബിലെ ജനങ്ങൾ തങ്ങളിൽ വലിയ വിശ്വാസം അർപ്പിച്ചിരിക്കുന്നു, പ്രതിപക്ഷ പാർട്ടികളെ മുഴുവൻ അവർ തള്ളിക്കളഞ്ഞു. ഇതിലൂടെ 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നമുക്ക് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story