Quantcast

'ഇന്ത്യയിൽ 54 ശതമാനം പേർ സത്യമറിയാൻ സമൂഹമാധ്യമം ഉപയോഗിക്കുന്നു, 87 ശതമാനം തങ്ങളുടെ സന്ദേശം സത്യമെന്ന് കരുതുന്നു'; കണക്ക് പുറത്തുവിട്ട് ഓക്‌സ്‌ഫോർഡ് പഠനം

55 വയസ്സിന് താഴെ പ്രായമുള്ളവർ തങ്ങൾ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് പങ്ക്‌വെക്കുന്നതെന്ന് പറഞ്ഞു. എന്നാൽ 55 ന് മുകളിൽ പ്രായമുള്ളവരിൽ 13 ശതമാനം പേർ മാത്രമാണ് ഇക്കാര്യത്തിൽ ഉറപ്പ് പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-06-28 15:41:06.0

Published:

28 Jun 2022 3:39 PM GMT

ഇന്ത്യയിൽ 54 ശതമാനം പേർ സത്യമറിയാൻ സമൂഹമാധ്യമം ഉപയോഗിക്കുന്നു, 87 ശതമാനം തങ്ങളുടെ സന്ദേശം സത്യമെന്ന് കരുതുന്നു; കണക്ക് പുറത്തുവിട്ട് ഓക്‌സ്‌ഫോർഡ് പഠനം
X

ഇന്ത്യയിൽ 54 ശതമാനം പേർ സത്യമറിയാൻ സമൂഹമാധ്യമം ഉപയോഗിക്കുന്നുവെന്നും സമൂഹ മാധ്യമത്തിൽ സന്ദേശമയക്കുന്ന ഇന്ത്യക്കാരിൽ 87 ശതമാനം പേരും തങ്ങൾ അയക്കുന്ന സന്ദേശങ്ങൾ സത്യമാണെന്ന് കരുതുന്നുവെന്നും ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി പ്രസ് പുറത്തുവിട്ട പഠനം. 'ദി മാറ്റർ ഓഫ് ഫാക്ട്' എന്ന പേരിൽ സത്യങ്ങൾ തിരിച്ചറിയപ്പെടുന്നതിന്റെ അളവും വിവര സ്രോതസുകളുടെ ആധികാരികത പരിശോധിക്കലും സംബന്ധിച്ച് നടത്തിയ ഗവേഷണ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹമാധ്യമത്തെ സത്യമാണെന്ന് കരുതുന്നവരിൽ ഭൂമിശാസ്ത്രപരമായ വ്യത്യാസമുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. 80 ശതമാനം ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളെ വിശ്വസിക്കുമ്പോൾ 60 ശതമാനം മെക്‌സിക്കക്കാർ മാത്രമാണ് ഇത്തരത്തിൽ ചിന്തിക്കുന്നത്. യു.കെയിൽ 27 ശതമാനവും യു.എസ്സിൽ 42 ശതമാനവുമാണ് സമൂഹ മാധ്യമങ്ങളെ കണക്കിലെടുക്കുന്നത്.


കൂടുതൽ പേരും വിവരങ്ങൾ അന്വേഷിക്കാൻ ഗൂഗിളടക്കമുള്ള സേർച്ച് എൻജിനുകളെയാണ് ഉപയോഗിക്കുന്നത്. ലോകതലത്തിൽ 67 ശതമാനം പേരും ഈ തരത്തിലാണ് വിവരങ്ങൾ കണ്ടെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്ക്‌വെക്കപ്പെടുന്ന വിവരങ്ങൾ സത്യമാണെന്നാണ് ആഗോളതലത്തിൽ നാലിൽ മൂന്നു പേരും വിശ്വസിക്കുന്നത്. ഇന്ത്യയിൽ ഇതിലേറെ പേരാണ് സമൂഹ മാധ്യമങ്ങളെ വിശ്വസിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വിവരം കൈമാറുന്നവരിൽ 87 ശതമാനം പേരും അവ സത്യമാണെന്ന് കരുതുന്നുവെന്നും പഠനത്തിൽ പറഞ്ഞു.

വ്യാജ വിവരങ്ങളും തെറ്റായ അവകാശവാദങ്ങളും പ്രചരിക്കുന്നതിനിടയിലും ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സമൂഹ മാധ്യമങ്ങളിൽ തങ്ങൾ വായിക്കുകയും പങ്ക്‌വെക്കുകയും ചെയ്യുന്ന വിവരങ്ങൾ സത്യമാണെന്ന് ഉപഭോക്താക്കൾ കരുതുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. വികസ്വര സാമ്പത്തിക രാജ്യങ്ങളിൽ ഈ ധാരണ ഉയർന്ന നിരക്കിലാണെന്നും ചൂണ്ടിക്കാട്ടുന്നു.

വസ്തുതാപരമായ വിവരങ്ങൾ തേടി ആകെ 37 ശതമാനം പേർ സമൂഹ മാധ്യമങ്ങളിലെത്തുമ്പോൾ അവയിൽ 54 ശതമാനമാണ് ഇന്ത്യക്കാർ. മെക്‌സിക്കൻ-സൗത്ത് ആഫ്രിക്കൻ പൗരന്മാരിൽ 43 ശതമാനവും ഈ തരത്തിൽ സമൂഹമാധ്യമത്തെ ഉപയോഗിക്കുന്നവരാണ്. എന്നാൽ ബ്രീട്ടീഷുകാർ ഈ തരത്തിൽ വിവരം കണ്ടെത്തുന്നത് കുറവാണ്. 10 അമേരിക്കക്കാരിൽ ഏകദേശം മൂന്നാളുകൾ (29 ശതമാനം) വിവര വിശകലനത്തിനായി സമൂഹ മാധ്യമം വഴി ശ്രമിക്കുമ്പോൾ 16 ശതമാനം ബ്രിട്ടീഷുകാരാണ് ഇത്തരത്തിൽ നീങ്ങുന്നത്.

വസ്തുതകൾ വേർതിരിച്ചെടുക്കാൻ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയാണ് ഉപഭോക്താക്കൾ കൂടുതൽ ഉപയോഗിക്കുന്നതെന്നും യു.കെ, യു.എസ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളിലെ നിന്ന് പഠനത്തിൽ പങ്കാളികളായ 52 ശതമാനം പേരും പറഞ്ഞു. ആകെ 5000 പേർക്കിടയിലാണ് പഠനം നടത്തിയിരുന്നത്. അതേസമയം, വിജ്ഞാനകോശം, ഗ്രന്ഥങ്ങൾ തുടങ്ങിയ പാരമ്പര്യ ഉറവിടങ്ങളെ വിവര ശേഖരണോപാധികളാക്കിയവരുടെ എണ്ണം വളരെ കുറഞ്ഞതായും ഓക്‌സ്‌ഫോർഡ് പഠനം വ്യക്തമാക്കി. മൂന്നിലൊന്ന് പേർ മാത്രമാണ് ഈ മാർഗം സ്വീകരിക്കുന്നവർ.

55 വയസ്സിന് താഴെ പ്രായമുള്ളവർ തങ്ങൾ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് പങ്ക്‌വെക്കുന്നതെന്ന് പറഞ്ഞു. എന്നാൽ 25-44 പ്രായമുള്ളവരിലെ 35 ശതമാനം പേർ സന്ദേശങ്ങളിലെ വസ്തുനിഷ്ഠതയിൽ അതീവ വിശ്വാസമുള്ളവരാണെന്ന് അവകാശപ്പെട്ടു. എന്നാൽ 55 ന് മുകളിൽ പ്രായമുള്ളവരിൽ 13 ശതമാനം പേർ മാത്രമാണ് ഇക്കാര്യത്തിൽ ഉറപ്പ് പറഞ്ഞത്.

സമൂഹ മാധ്യമം വഴി വസ്തുത കണ്ടെത്താൻ ശ്രമിക്കുന്നവരിൽ കൂടുതലും യുവതലമുറയാണെന്നും പഠനം ചൂണ്ടിക്കാട്ടി. 25-44 വരെ പ്രായമുള്ളവരിൽ 44 ശതമാനം ഈ രീതിയിൽ സമൂഹ മാധ്യമം ഉപയോഗിക്കുമ്പോൾ 55 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 12 ശതമാനം പേർ മാത്രമാണ് ഇത്തരത്തിലുള്ളത് - പഠനം വ്യക്തമാക്കി.

According to a study released by Oxford University Press, 54% of people in India search for the truth on social media.

TAGS :
Next Story