Quantcast

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാട്ടുകാര്‍ തല്ലിക്കൊന്നു

പ്രതിയെ തല്ലിക്കൊന്ന സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    5 Aug 2026 12:10 PM IST

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാട്ടുകാര്‍ തല്ലിക്കൊന്നു
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ കൂടി ബലാത്സംഗം ചെയ്തതോടെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ ശേഷമാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. വിശ്രമിക്കാനായി വൈകുന്നേരം വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ചൊവ്വാഴ്ച രാവിലെ കുട്ടി വീട്ടിലെത്തുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടിയെ പ്രതി കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് വിവരം. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.

പിന്നാലെ വീടിനുള്ളില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെത്തിച്ച പ്രതിയെ വടിയും കല്ലും ഉപയോഗിച്ച് നാട്ടുകാര്‍ ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിലവില്‍ പ്രതിയെ തല്ലിക്കൊന്ന സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2023ല്‍ മറ്റൊരു പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയതെന്നും അന്വേഷണം തുടരുകയാണെന്നും തന്‍ഡവ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രഭാത് രഞ്ജന്‍ ബര്‍വാര്‍ പറഞ്ഞു.

സ്ഥലം ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഹെദായത്തുല്ല ഖാന്‍ അറിയിച്ചു. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും ഹെദായത്തുല്ല ഖാന്‍ പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story