ജീവിതത്തിൽ തിരികെ പോകാൻ അവസരം ലഭിച്ചാൽ 2014ലെത്തി പ്രധാനമന്ത്രിയെ മാറ്റും: നടൻ കിഷോർ
ഇന്ന് നമ്മൾ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. രാജ്യം വലിയ അപകടത്തിലേക്കാണ് പോകുന്നതെന്നും കിഷോർ പറഞ്ഞു

ബംഗളൂരു: ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നടൻ കിഷോർ. പുതിയ ചിത്രമായ മെല്ലിസൈയുടെ റിലീസിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പരാമർശം.
നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് തന്റെ ആദ്യത്തെ ലക്ഷ്യം. താൻ ഈ പറഞ്ഞത് നിങ്ങൾ കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല, എന്നാലും പറയുകയാണ്. പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. ഇന്ത്യ ഇപ്പോൾ കാണുന്നതിനെക്കാൾ മാറിയിട്ടുണ്ടാകും. ഇന്ന് നമ്മൾ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്കാണ് പോകുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ ഈ അവസ്ഥ മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും കിഷോർ പറഞ്ഞു.
തങ്ങൾ ഇപ്പോൾ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്നേഹത്തെക്കുറിച്ചാണ്. മനുഷ്യർ തമ്മിലുള്ള സ്നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്. അവിടെയാണ് ഒരു മനുഷ്യൻ വെറുപ്പിനെ ഇൻവെസ്റ്റ്മെന്റാക്കി അധികാരത്തിൽ വന്നിരിക്കുന്നത്. അത് മനുഷ്യർക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വിഭാഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടകരമാണെന്നും നടൻ വ്യക്തമാക്കി.
Adjust Story Font
16

