Quantcast

വാര്‍ഷിക ശമ്പളം 2.9 കോടി, അമേരിക്കയിൽ വീട്; ആഡംബര ജീവിതം ഉപേക്ഷിച്ച് യുവാവ് ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമിതാണ്!

6നും 9നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളാണ് യുവാവിനുള്ളത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-02-20 06:08:27.0

Published:

20 Feb 2026 11:36 AM IST

വാര്‍ഷിക ശമ്പളം 2.9 കോടി, അമേരിക്കയിൽ വീട്; ആഡംബര ജീവിതം  ഉപേക്ഷിച്ച് യുവാവ് ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമിതാണ്!
X

വാഷിങ്ടൺ: ആദ്യ വിദേശത്തൊരു ജോലി, പിന്നെ വീട്, കുടുംബം മിക്ക മിഡിൽ ക്ലാസ് ഇന്ത്യൻ യുവാക്കളുടെയും സ്വപ്നം ഇതായിരിക്കും. ജോലിക്ക് വേണ്ടി കടൽ കടന്നുകഴിഞ്ഞാൽ പിന്നെ അവിടെ തന്നെ സ്ഥിരതാമസമാക്കാനാണ് പലര്‍ക്കും ഇഷ്ടം. എന്നാൽ ഇതിനിടയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമുണ്ട്.

അമേരിക്കയിലെ 2.9 കോടി ($350,000) വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 12 വർഷത്തെ പ്രവാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ച ഒരു യുവാവിന്‍റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. "12 വർഷത്തിലധികം യുഎസിൽ കഴിഞ്ഞതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നു. ഞാൻ ശരിയായ തീരുമാനമാണോ എടുക്കുന്നത്?" എന്ന തലക്കെട്ടോടെയുള്ള റെഡ്ഡിറ്റ് പോസ്റ്റിൽ, ഒരു ഇന്‍റേണൽ ജോലി ട്രാൻസ്ഫറിനെ തുടർന്ന് താനും ഭാര്യയും അഞ്ച് പേരടങ്ങുന്ന കുടുംബത്തെ ഈ ജൂണിൽ നവി മുംബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി 36 കാരനായ യുവാവ് പറയുന്നു. അമേരിക്കയിൽ സ്വന്തമായി വീടുള്ള 1 മില്യൺ ഡോളറിൽ കൂടുതൽ ആസ്തിയുള്ള യുവാവിന്‍റെ തീരുമാനം ഭൂരിഭാഗം പേരെ അമ്പരപ്പിച്ചിരിക്കുകയാണ്.

6നും 9നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളാണ് യുവാവിനുള്ളത്. മൂന്ന് പേര്‍ക്കും യുഎസ് പൗരത്വമുണ്ട്. എന്നാൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. അമേരിക്കയിൽ എത്ര വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയാലും പ്രായമായ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തത് വലിയൊരു കുറവായി അദ്ദേഹം കാണുന്നു. കുട്ടികൾ അവരുടെ മുത്തശ്ശിമാരോടൊപ്പം വളരണമെന്നും ഇന്ത്യൻ സംസ്‌കാരവും മൂല്യങ്ങളും പഠിക്കണമെന്നും യുവാവ്ആഗ്രഹിക്കുന്നു.

വിദേശ രാജ്യങ്ങളിൽ സാമ്പത്തികമായി ഉയരത്തിലെത്തിയാലും പലപ്പോഴും സാമൂഹികമായി ഒറ്റപ്പെട്ട അവസ്ഥയുണ്ടാകാറുണ്ട്. ഇന്ത്യയിലെ സുഹൃദ്‌ബന്ധങ്ങളും ബന്ധുക്കളും നൽകുന്ന ആ ഒരു 'സോഷ്യൽ സപ്പോർട്ട് സിസ്റ്റം' അമേരിക്കയിൽ ലഭിക്കുന്നില്ലെന്ന് യുവാവ് ചൂണ്ടിക്കാട്ടി. അമേരിക്കയിൽ സൗകര്യങ്ങൾ കൂടുതലാണെങ്കിലും ഇന്ത്യയിലെ ജീവിതത്തിന്‍റെ 'ഊഷ്മളത' അവിടെ ലഭിക്കുന്നില്ല. ഇന്ത്യയിലെ വീട്ടുജോലിക്കാരും മറ്റ് സേവനങ്ങളും നൽകുന്ന സൗകര്യങ്ങൾ അമേരിക്കയിൽ ലഭിക്കണമെങ്കിൽ വലിയ തുക ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നിരവധി പേരാണ് യുവാവിന്‍റെ തീരുമാനത്തെ പിന്തുണച്ചത്. പണത്തെക്കാൾ വലുതാണ് സമാധാനവും കുടുംബവുമാണെന്ന് ഒര വിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യയിലെ ട്രാഫിക്, മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയെക്കുറിച്ച് ഇവർ ആശങ്ക പങ്കുവെക്കുന്നു.

TAGS :

Next Story