അഭിഷേക് ബാനർജിക്ക് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് നേരെയും ആക്രമണം
ബിജെപി ആസൂത്രണം ചെയ്ത പ്രതികാര ആക്രമണമാണെന്ന് കല്യാൺ ബാനർജി

- Updated:
2026-05-31 10:57:22.0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾക്ക് നേരെ തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ, മുതിർന്ന പാർട്ടി എംപിയായ കല്യാൺ ബാനർജിയും സ്വന്തം മണ്ഡലത്തിൽ വെച്ച് ആക്രമിക്കപ്പെട്ടു. ബിജെപി ആസൂത്രണം ചെയ്ത പ്രതികാര ആക്രമണമാണെന്ന് കല്യാൺ ബാനർജി ആരോപിച്ചു.
ഹൂഗ്ലിയിലെ ചണ്ഡിതാലയിൽ വെച്ചാണ് ശ്രീരാംപൂർ ലോക്സഭാ എംപിയായ കല്യാൺ ബാനർജിക്ക് തലയ്ക്ക് അടിയേറ്റത്.
അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ചണ്ഡിതാലയിൽ ടിഎംസി പ്രവർത്തകർക്കൊപ്പം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു ട്രക്കിന് സമീപത്തുകൂടി നടന്നുപോയ കല്യാൺ ബാനർജിയുടെ തലയുടെ പിൻഭാഗത്തേക്ക് എന്തോ വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തലയിൽ കൈവെച്ച് നിലത്തേക്ക് വീണു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ വളയുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ കല്യാൺ ബാനർജിക്ക് നേരെ ഒരു വിഭാഗം ആളുകൾ കരിങ്കൊടി കാണിക്കുകയും 'ചോർ ചോർ' (കള്ളൻ) എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സോനാർപൂരിൽ അഭിഷേക് ബാനർജിക്ക് നേരെ ഉണ്ടായതിന് സമാനമായ പ്രതിഷേധമാണ് ഇവിടെയും അരങ്ങേറിയത്.
"ബിജെപി പ്രവർത്തകർ എന്നെ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അതിന് ശേഷമാണ് അവർ എന്റെ തലയ്ക്ക് നേരെ ക്രിക്കറ്റ് ബോളോ കല്ലോ എറിഞ്ഞത്. എന്റെ തലയിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു. എനിക്ക് സംസാരിക്കാൻ പോലും ഇപ്പോൾ ശക്തിയില്ല. ഇതിന് ജനങ്ങൾ അർഹമായ നീതി നടപ്പാക്കും. ഇത് പൊതുജന രോഷമല്ല, ബി.ജെ.പി മനഃപൂർവ്വം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ്"- കല്യാൺ ബാനർജി വ്യക്തമാക്കി. സംഭവത്തിൽ ബി.ജെ.പി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി തർക്കം ഇതോടെ കൂടുതൽ വഷളാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേതാക്കൾക്കെതിരെ നടന്നത് ആസൂത്രിത നീക്കമാണെന്നും ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നും മമത ബാനർജി പ്രതികരിച്ചു. ബിജെപി ഇന്ത്യൻ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണെന്നും മമത കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ അരാഷ്ട്രീയമാണെന്നും രാഷ്ട്രീയത്തിന് ഉചിതമല്ലെന്നും കോൺഗ്രസ് എംപി ശശി തരൂരും പ്രതികരിച്ചു. ബാലറ്റ് പെട്ടിയിലൂടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയെന്നതാണ് ജനാധിപത്യപരമായ പാരമ്പര്യമെന്നും തരൂർ പറഞ്ഞു.
Adjust Story Font
16
