Quantcast

'ഇതാണോ ബഹുമാനം?'; രാഷ്ട്രപതിക്ക് മുന്നില്‍ ഇരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവുമായി തൃണമൂല്‍

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിൻ്റെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന എറ്റുമുട്ടല്‍

MediaOne Logo
After PM slams insult to President, Mamata Banerjee retorts with 2024 photo
X

കൊല്‍ക്കത്ത: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ രാഷ്ട്രീയമായി നേരിടാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന വിമര്‍ശനത്തിന് മറുപടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാവ് എല്‍.കെ അദ്വാനിയും കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രപതി തൊട്ടടുത്ത് നില്‍ക്കുന്നതിന്റെ ചിത്രം തൃണമൂല്‍ പങ്കുവെച്ചു. ബംഗാള്‍ സന്ദര്‍ശനത്തിലെ പ്രോട്ടോക്കോള്‍ വീഴ്ചകളെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ എത്താത്തതിലാണ് ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. ഔദ്യോഗിക പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തിയില്ലെന്നും ഇത് രാജ്യത്തിന്റെ പരമോന്നത പദവിയോടുള്ള അനാദരവാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രപതിക്ക് അനുവദിച്ച ശുചിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും വഴിയിലുടനീളം മാലിന്യം തള്ളിയെന്നും വിമര്‍ശനം വന്നു. ഇതുള്‍പ്പെടെ നാലുകാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ഇങ്ങനെയാണോ രാഷ്ട്രപതിയെ ബഹുമാനിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് മോദിക്കും അദ്വാനിക്കും മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. 'രാഷ്ട്രപതിയോടുള്ള ബഹുമാനത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഈ ചിത്രം നോക്കൂ. രാജ്യത്തെ ആദ്യ ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി സുഖമായി കസേരയിലിരിക്കുകയാണ്. രാഷ്ട്രപതിയോടുള്ള ബഹുമാനത്തെ കുറിച്ചുള്ള എല്ലാ പ്രഖ്യാപനങ്ങളും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു' -തൃണമൂല്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയോടും രാഷ്ട്രപതിയോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി ചെയ്തത് പോലെ രാഷ്ട്രപതി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ കസേരയില്‍ ഇരുന്നിട്ടില്ല. രാഷ്ട്രപതിയോട് അനാദരവ് കാട്ടുന്നതിന്റെ പാരമ്പര്യമുള്ളത് ബിജെപിക്കാണ് -മമത പറഞ്ഞു.

ബംഗാളില്‍ പങ്കെടുത്ത പരിപാടിയിലെ ക്രമീകരണങ്ങളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതിലും അതൃപ്തി രേഖപ്പെടുത്തി. വേദി മാറ്റവും പരിപാടിയിലെ കുറഞ്ഞ ജനപങ്കാളിത്തവും രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ബംഗാളിലെ പ്രധാന പ്രതിപക്ഷമായ ബിജെപി രാജ്യത്തിന്റെ പരമോന്നത പദവി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് മമതയുടെ ആരോപണം.

TAGS :

Next Story