ബിഹാർ നവനിർമ്മാൺ യാത്രയുമായി പ്രശാന്ത് കിഷോർ: ജന്‍ സുരാജ് പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയ നീക്കം
ബിഹാറിലുടനീളം യാത്ര ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് കിഷോര്‍

- Updated:
2026-02-09 03:05:18.0

പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയെങ്കിലും പാര്‍ട്ടി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോര്‍. ജന്‍ സുരാജ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ പ്രശാന്ത് കിഷോർ 'ബിഹാർ നവനിർമ്മാൺ യാത്ര' ആരംഭിച്ചു.
ഞായറാഴ്ച പശ്ചിമ ചമ്പാരനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിട്ടും, 238 സീറ്റുകളിൽ മത്സരിച്ച 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ 'ജൻ സുരാജിന്' സാധിച്ചിരുന്നില്ല.
"ബിഹാറിൽ സത്യസന്ധവും ഉത്തരവാദിത്തമുള്ളതുമായ ഒരു രാഷ്ട്രീയ ബദൽ അവതരിപ്പിക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പാര്‍ട്ടിയെ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായിരിക്കും ഈ യാത്ര''- യാത്രക്ക് തുടക്കം കുറിച്ച് പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പാർട്ടി പൊതുജനങ്ങളുമായുള്ള സമ്പർക്കം തുടർന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തും പ്രശാന്ത് കിഷോര്‍ രംഗത്തുണ്ട്. ഇതുസംബന്ധിച്ചൊരു ഹരജി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തു. എൻഡിഎ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച പ്രശാന്ത് കിഷോര്‍, ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16
